തിടമ്പേറ്റാൻ തെച്ചിക്കോട്ട് കൊമ്പനില്ല

Featured Thrissur

തിടമ്പേറ്റാൻ തെച്ചിക്കോട്ട് കൊമ്പനില്ല; വിലക്കിനെതിരെ ആനപ്രേമികൾ, മുഖ്യമന്ത്രിയെ സമീപിക്കും

തൃശൂര്‍: കൊമ്പന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക് നീക്കാന്‍ മുഖ്യമന്ത്രിയെ സമീപിക്കാന്‍ ആനയുടമ -ഫെസ്റ്റിവല്‍ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി സംയുക്ത യോഗത്തില്‍ തീരുമാനം. മേയ് പത്തിനകം നടപടിയുണ്ടായില്ലെങ്കില്‍ ശക്തമായ സമര പരിപാടികളിലേയ്ക്ക് കടക്കാനും തൃശൂരില്‍ ചേര്‍ന്ന അടിയന്തര യോഗത്തില്‍ തീരുമാനമെടുത്തു. തെക്കേഗോപുര നട തുറക്കുന്നതിന് എഴുന്നെള്ളിക്കാന്‍ അനുമതി നല്‍കണമെന്നാണ് യോഗത്തിലെ പ്രധാന ആവശ്യം. മുഖ്യമന്ത്രിയേയും വകുപ്പ് മന്ത്രിയടക്കമുള്ള മറ്റ് മന്ത്രിമാര്‍ക്കും നിവേദനം നല്‍കുന്നതിനും നടപടികള്‍ക്കുമായി കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം അഡ്വ. അരുണ്‍ കുമാര്‍ കണ്‍വീനറായി പതിനൊന്നംഗ കമ്മിറ്റിയെ രൂപീകരിച്ചു. 2012ലെ നാട്ടാന പരിപാലന ചട്ടത്തില്‍ ഒരു സ്ഥലത്തും ജില്ല ഉത്സവ മോണിറ്ററിങ്ങ് കമ്മറ്റിക്ക് ആനകളെ നിരോധിക്കാനുള്ള അധികാരം നല്‍കിയിട്ടില്ല. ഇല്ലാത്ത തീരുമാനം പറഞ്ഞ് ഉദ്യോഗസ്ഥരെ കൈപൊക്കി മോണിറ്ററിങ് കമ്മിറ്റിയില്‍ ഭൂരിപക്ഷ തീരുമാനം എന്ന് പറയുന്നത് ഉദ്യോഗസ്ഥ തീരുമാനം അടിച്ചേല്‍പ്പിക്കുകയും കളക്ടര്‍ ഇല്ലാത്ത തീരുമാനം അടിച്ചേല്‍പ്പിക്കുകയുമാണ്. ഉന്നതാധികാര സമിതിയിലിരുന്നവര്‍ തൃശൂര്‍ ജില്ലയില്‍ എഴുന്നെള്ളിക്കുവാന്‍ ശുപാര്‍ശ ചെയ്യുകയും യോഗത്തിലെത്തിയപ്പോള്‍ നിരോധിക്കണമെന്ന് പറയുന്നതും വിരോധാഭാസമാണെന്ന് യോഗം വിലയിരുത്തി.

Source

READ  തൃശ്ശൂരിൽ രേഖകളില്ലാതെ കടത്തിയ 300 പവൻ സ്വർണ്ണം പിടികൂടി