തൊട്ടപ്പൻ – വിനായകൻ നായക വേഷത്തിൽ

Cinema Featured Malayalam

വിനായകന്‍ നായകവേഷത്തില്‍ എത്തുന്ന എറ്റവും പുതിയ ചിത്രം തൊട്ടപ്പന്‍ റിലീസിങ്ങിനൊരുങ്ങുകയാണ്. കിസ്മത്തിനു ശേഷം ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്ത സിനിമ കൂടിയാണിത്. പ്രശസ്ത എഴുത്തുകാരന്‍ ഫ്രാന്‍സിസ് നൊറോണയുടെ കഥയെ ആസ്പദമാക്കിയാണ് സംവിധായകന്‍ തൊട്ടപ്പന്‍ എടുത്തിരിക്കുന്നത്.
കമ്മട്ടിപ്പാടം,ഈമയൗ എന്നീ ചിത്രങ്ങളിലേതു പോലെയുളള ഒരു പ്രകടനമാണ് വിനായകനില്‍ നിന്നും എല്ലാവരും പ്രതീക്ഷിക്കുന്നത്. അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുന്ന സിനിമ ഈദ് റീലിസായി തിയ്യേറ്ററുകളിലേക്ക് എത്തുമെന്നാണ് അറിയുന്നത്.
സംവിധായകന്‍ തന്നെയായിരുന്നു ഇക്കാര്യം തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിരുന്നത്. പി എസ് റഫീക്കാണ് സിനിമയ്ക്കു വേണ്ടി തിരക്കഥ എഴുതിയിരിക്കുന്നത്. പുതുമുഖ നടി പ്രിയംവദയാണ് സിനിമയിലെ നായിക. മനോജ് കെ ജയന്‍,കൊച്ചു പ്രേമന്‍,പോളി വില്‍സണ്‍, റോഷന്‍ മാത്യു തുടങ്ങിയവരും തൊട്ടപ്പനില്‍ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. സുരേഷ് രാജന്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ച സിനിമയ്ക്ക് ജിതിന്‍ മനോഹറാണ് എഡിറ്റിങ്ങ് ചെയ്യുന്നത്. ഗിരീഷ് എം ലീല കുട്ടന്‍ സംഗീതവും ജസ്റ്റിന്‍ പശ്ചാത്തല സംഗീതവും ഒരുക്കുന്നു. കിസ്മത്ത് ഇറങ്ങി രണ്ടു വര്‍ഷത്തിന് ശേഷമാണ് ഷാനവാസ് ബാവക്കുട്ടി പുതിയ സിനിമയുമായി എത്തുന്നത്. പട്ടം സിനിമ കമ്പനിയുടെ ബാനറില്‍ ദേവദാസ് കാടഞ്ചേരിയും ശൈലജ മണികണ്ഠനും ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം.

See also  അതിശക്തമായ മഴ; രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി