മുഖ്യമന്ത്രി പിണറായി വിജയന് മാവോയിസ്റ്റുകളുടെ ഭീഷണിക്കത്ത്

Breaking News Kerala Top News

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന് മാവോയിസ്റ്റ് ഭീഷണി. ഏഴു സഖാക്കളെ വെടിവെച്ച് കൊന്ന മുഖ്യന് വേണ്ട ശിക്ഷ നടപ്പാക്കുമെന്ന് മാവോയിസ്റ്റുകളുടെ ഭീഷണിക്കത്ത്. വടകര പോലീസ് സ്റ്റേഷനിലേക്കാണ് കത്ത് ലഭിച്ചത്. പശ്ചിമഘട്ട കബനീദള ആക്ഷന്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ബെദര്‍ മൂസാമിന്റെ പേരിലുള്ളതാണ് കത്ത്.
പോലീസ് സ്റ്റേഷനില്‍ വന്ന കത്തില്‍ ലഘുലേഖകളും അടങ്ങിയിരിക്കുന്നു. സാധാരണക്കാര്‍ക്കായി പൊരുതിയ ഏഴു സഖാക്കളെ വെടിവെച്ചു കൊലപ്പെടുത്തിയ കേരള മുഖ്യന് വേണ്ട ശിക്ഷ നടപ്പിലാക്കുമെന്നും കത്തില്‍ സൂചിപ്പിക്കുന്നു. കാട്ടുതീ എന്നുപേരായ പുസ്തകത്തിന്റെ അഞ്ചുപേജാണ് കത്തിനൊപ്പം അയച്ചിട്ടുള്ളത്. ഈ ലഘുലേഖയില്‍ സിപിഎമ്മിനെതിരെയുള്ള വിമര്‍ശനങ്ങളാണുള്ളത്.
പേരാമ്പ്ര എസ്‌ഐക്കും ഭീഷണിയുണ്ട്. ചെറുവത്തൂര്‍ എന്ന സ്ഥലത്തുനിന്നുമാണ് വടകര സ്റ്റേഷനിലേക്ക് കത്ത് അയച്ചിട്ടുള്ളത്. പേരാമ്പ്ര എസ്‌ഐ ഹരീഷിന്റെ നിലപാട് നാടിന് അപമാനമാണെന്നും കത്തില്‍ സൂചിപ്പിക്കുന്നു. സാധാരണ ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച്, സാധാരണ മനുഷ്യരെ നായയെപ്പോലെ തല്ലിച്ചതക്കുന്ന ഈ നരാധമനെ അര്‍ബന്‍ ആക്ഷന്‍ ടീം വൈകാതെ തന്നെ കാണേണ്ടതു പോലെ കാണുമെന്ന് കത്തില്‍ പറയുന്നു.
മഞ്ചിക്കണ്ടിയില്‍ കേരള പോലീസ് മണിവാസകം അടക്കം നാലു മാവോയിസ്റ്റുകളെ വെടിവെച്ചു കൊന്നിരുന്നു. നേരത്തെ മാവോയിസ്റ്റുകളായ ജലീല്‍, കുപ്പു ദേവരാജ്, അജിത എന്നിവരെയും പോലീസ് ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയിരുന്നു.

READ  ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷമുളള ആദ്യ യുഡിഎഫ് യോഗം ഇന്ന് ചേരും