മംഗളൂരുവില്‍ പോലീസ് വെടിവെപ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു; ലഖ്‌നൗവില്‍ ഒരു മരണം

National Top News

മംഗളൂരു/ലഖ്നൗ: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങൾക്കിടെ രാജ്യത്ത് മൂന്നുമരണം.മംഗളൂരുവിൽ പോലീസ് നടത്തിയ വെടിവെപ്പിൽ രണ്ടുപേരും ലഖ്നൗവിലെ സംഘർഷത്തിൽ ഒരാളുമാണ് കൊല്ലപ്പെട്ടത്. ജലീൽ, നൗസീൻ എന്നിവരാണ് മംഗളൂരുവിലെ വെടിവെപ്പിൽ കൊല്ലപ്പെട്ടത്. വ്യാഴാഴ്ച വൈകീട്ടായിരുന്നു സംഭവം. പരിക്കേറ്റ രണ്ടുപേർ ചികിത്സയിലാണെന്ന് മാത്രമായിരുന്നു പോലീസ് ആദ്യം പറഞ്ഞിരുന്നത്. എന്നാൽ രാത്രിയോടെ രണ്ടുപേർ കൊല്ലപ്പെട്ടതായിഅവർതന്നെ സ്ഥിരീകരിച്ചു.സംഘർഷത്തിൽ 20 പോലീസുകാർക്ക് പരിക്കേറ്റതായും പോലീസ് പറഞ്ഞു. മംഗളൂരുവിലെ അഞ്ച് പോലീസ് സ്റ്റേഷൻ പരിധികളിൽ വെള്ളിയാഴ്ച അർധരാത്രി വരെ കർഫ്യൂ പ്രഖ്യാപിച്ചു. മംഗളൂരു നഗരത്തിലെ എല്ലാ കോളേജുകൾക്കും സ്കൂളുകൾക്കും വെള്ളിയാഴ്ച അവധിയും നൽകി. വ്യാഴാഴ്ച ഉച്ചയോടെയാണ് മംഗളൂരുവിൽ പ്രതിഷേധ പ്രകടനങ്ങൾ നടന്നത്. നിരോധനാജ്ഞ മറികടന്ന് പ്രതിഷേധക്കാർ പ്രകടനങ്ങൾ സംഘടിപ്പിക്കുകയായിരുന്നു. അതിനിടെ,പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തെ തുടർന്നുണ്ടായ സംഘർഷത്തിൽലഖ്നൗവിൽ ഒരാൾ മരിച്ചു. പോലീസ് നടത്തിയ വെടിവെപ്പിലാണ് ഇയാൾ മരിച്ചതെന്നാണ് ആരോപണം. എന്നാൽ വെടിവെപ്പ്നടത്തിയിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.സംഘർഷത്തിനിടെനാലുപേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ലഖ്നൗവിൽ ഉച്ചയോടെയാണ് പ്രതിഷേധം ശക്തിപ്രാപിച്ചത്. ഇതോടെ പ്രതിഷേധക്കാരും പോലീസും തമ്മിൽ ഏറ്റുമുട്ടി. പോലീസ് വാൻ, ഒ ബി വാൻ എന്നിവയുൾപ്പടെ നിരവധി വാഹനങ്ങൾ പ്രതിഷേധക്കാർ അഗ്നിക്കിരയാക്കി. പ്രതിഷേധക്കാർക്ക് നേരെ ലാത്തി ചാർജ് നടത്തിയ പോലീസ് സ്ഥിതി നിയന്ത്രണവിധേയമാക്കാൻ കണ്ണീർ വാതകം പ്രയോഗിച്ചു. എന്നാൽ ലഖ്നൗവിൽ സ്ഥിതിഗതികൾ സാധാരണ നിലയിലായതായി പോലീസ് മേധാവി ഒ.പി.സിങ് അറിയിച്ചു. പ്രതിഷേധക്കാർ കൂടിച്ചേരുമെന്ന് അറിയിച്ച ഇടങ്ങളിലാണ് സംഘർഷമുണ്ടായത്. 55 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതിഷേധക്കാർ പോലീസിന് നേരെ കല്ലെറിഞ്ഞു. ഒ.ബി വാനുകൾ ഉൾപ്പടെ അഗ്നിക്കിരയാക്കി. ഞങ്ങൾ അവരെ പിന്തുടർന്ന് കണ്ണീർ വാതകം പ്രയോഗിച്ചു. ഇപ്പോൾ സ്ഥിതി നിയന്ത്രണവിധേയമാണ്- അദ്ദേഹം പറഞ്ഞു.

See also  ജാര്‍ഖണ്ഡില്‍ അധികാരമുറപ്പിച്ച് മഹാസഖ്യം; ബിജെപിക്ക് തിരിച്ചടി; ഹേമന്ത് സോറന്‍ മുഖ്യമന്ത്രി പദത്തിലേക്ക്