തൃശൂര്‍ പൂരം: പഴുതടച്ച സുരക്ഷാ സന്നാഹം ഒരുക്കി പോലീസ്

Breaking News Featured
തൃശൂര്‍ പൂരം: പഴുതടച്ച സുരക്ഷാ സന്നാഹം ഒരുക്കി പോലീസ്… ബാഗുകള്‍ കൊണ്ടുവരരുത്, നഗരത്തില്‍ സിസിടിവി ക്യാമറകള്‍ കൂടുതലായി സ്ഥാപിക്കും.
തൃശൂര്‍: പൂരം വെടിക്കെട്ടിന് കൂടുതല്‍ ശക്തമായ സുരക്ഷാ സന്നാഹങ്ങള്‍ ഏര്‍പ്പെടുത്തും. പൂരത്തിന് ബാഗുകളുമായി വരരുതെന്നു ജനങ്ങള്‍ക്കു നിര്‍ദേശം നല്‍കുമെന്നു മന്ത്രി സുനില്‍ കുമാര്‍. നഗരത്തില്‍ സിസിടിവി ക്യാമറകള്‍ കൂടുതലായി സ്ഥാപിക്കും. സുഗമമായി വെടിക്കെട്ട് കാണാനുള്ള സൗകര്യം ഏര്‍പ്പെടുത്തും. ദുരന്ത നിവാരണ പദ്ധതിയുടെ ഭാഗമായി എല്ലാ വകുപ്പുകളെയും ഉള്‍പ്പെടുത്തി മോക്ഡ്രില്‍.
പഴുതടച്ച സുരക്ഷാക്രമീകരണം ഏര്‍പ്പെടുത്തുമെന്ന് മന്ത്രി വി.എസ് സുനില്‍കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്യോഗസ്ഥരുടെയും ദേവസ്വം അധികൃതരുടെയും സംയുക്ത യോഗം തീരുമാനിച്ചു. ഓരോ വെടിക്കെട്ടിലും ഉപയോഗിക്കുന്ന കരിമരുന്നിന്റെ അളവ് എത്രയെന്ന് പ്രത്യേകമായി രേഖപ്പെടുത്തി കലക്ടര്‍ക്ക് നല്‍കാന്‍ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളോട് ആവശ്യപ്പെട്ടു. വെടിക്കെട്ട് നടത്തുന്ന വിദഗ്ധ തൊഴിലാളികളുടെ പൂര്‍ണമായ പേരുവിവരവും നല്‍കണം.
വെടിക്കെട്ട് സ്ഥലത്ത് ചുമതലയുള്ള വളണ്ടിയര്‍മാരും കമ്മിറ്റി അംഗങ്ങളും ഉള്‍പ്പെടെ തിളങ്ങുന്ന ജാക്കറ്റ് ധരിക്കണമെന്ന് എക്‌സ്‌പ്ലോസീവ്‌സ് അധികൃതര്‍ നിര്‍ദേശിച്ചു. വളണ്ടിയര്‍മാരുടെ പട്ടിക നേരത്തെ നല്‍കണം. ജാക്കറ്റും തിരിച്ചറിയല്‍ കാര്‍ഡുമില്ലാത്ത വളണ്ടിയര്‍മാരെ വെടിക്കെട്ട് സ്ഥലത്തേക്ക് പ്രവേശിപ്പിക്കില്ല. ഷെഡില്‍ത്തന്നെ കരിമരുന്ന് സൂക്ഷിക്കണമെന്ന് നിര്‍ദേശം നല്‍കി. പോലീസ് സുരക്ഷയുടെ ഭാഗമായി ഇലഞ്ഞിത്തറ മേളത്തിനു ക്ഷേത്രത്തിലേക്ക് എത്തുന്നവരെ മെറ്റല്‍ ഡിറ്റക്റ്ററിലൂടെ മാത്രമേ കടത്തിവിടൂ. ഘടകപൂരങ്ങളുടെ ഭാഗമായി എത്തുന്നവര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കാന്‍ നടപടി സ്വീകരിക്കും. പൂരപ്പറമ്പില്‍ സ്ഥാപിച്ച വാട്ടര്‍ ഹൈഡ്രന്റുകള്‍ വാട്ടര്‍ അതോറിറ്റിയും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് പ്രവര്‍ത്തിപ്പിക്കാന്‍ തീരുമാനിച്ചു.
കലക്ടര്‍ ടി.വി. അനുപമ, സിറ്റി പൊലീസ് കമീഷണര്‍ യതീഷ് ചന്ദ്ര ജി.എച്ച്., കേരള എക്‌സ്‌പ്ലോസീവ്‌സ് ഡെപ്യൂട്ടി ചീഫ് കണ്‍ട്രോളര്‍ ഡോ. ആര്‍ വേണുഗോപാല്‍, എ.ഡി.എം റെജി പി. ജോസഫ്, ആര്‍.ഡി.ഒ. പി.എ. വിഭൂഷണ്‍, ജില്ലാ ഫയര്‍ ഓഫീസര്‍ കെ.എം. അഷ്‌റഫ് അലി, വാട്ടര്‍ അഥോറിറ്റി എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ സി.കെ സജി, തൃശൂര്‍ തഹസില്‍ദാര്‍ ജോര്‍ജ് ജോസഫ്, ഹസാര്‍ഡ് അനലിസ്റ്റ് അതുല്യ തോമസ്, തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് പ്രൊഫ. പി. ചന്ദ്രശേഖരന്‍, സെക്രട്ടറി പ്രൊഫ. എം. മാധവന്‍കുട്ടി, പാറേമക്കാവ് ദേവസ്വം പ്രസിഡന്റ് കെ. സതീഷ് മേനോന്‍, സെക്രട്ടറി ജി. രാജേഷ് തുടങ്ങിയവര്‍ സംബന്ധിച്ചു. പൂരം പ്രമാണിച്ചു 16305 എറണാകുളം കണ്ണൂര്‍ ഇന്റര്‍സിറ്റി, 16308 കണ്ണൂര്‍ ആലപ്പുഴ എക്‌സിക്യൂട്ടീവ് എന്നീ എക്‌സ്പ്രസ് തീവണ്ടികള്‍ക്ക് 13, 14 ദിവസങ്ങളില്‍ പൂങ്കുന്നത്തു റെയില്‍വേ താല്‍ക്കാലിക സ്റ്റോപ്പ് അനുവദിച്ചു. ലോക്‌സഭാംഗം സി. എന്‍ ജയദേവന്റെ ഇടപെടലിനെ തുടര്‍ന്നാണ് നടപടി. കണ്ണൂരിലേക്കുള്ള ട്രെയിന്‍ രാവിലെ 8.12നും ആലപ്പുഴയ്ക്കുള്ളത് രാവിലെ 9.24നും പൂങ്കുന്നത്തു എത്തിച്ചേരും. ഇതോടെ പൂങ്കുന്നത്ത് ഇറങ്ങി പൂരനഗരിയിലേക്കു പോകുന്നതിന് യാത്രക്കാര്‍ക്ക് സൗകര്യമുണ്ടാകും.