പൂരങ്ങളുടെ പൂരം; ഇമ്മടെ തൃശൂർ പൂരം വരവായി

Featured

പൂരങ്ങളുടെ പൂരം; ഇമ്മടെ തൃശൂർ പൂരം വരവായി: തട്ടകങ്ങള്‍ ഒരുങ്ങിതുടങ്ങി, നഗരം പൂരത്തിരക്കിലേക്ക്

തൃശൂര്‍: തൃശൂര്‍ പൂരത്തിന് രണ്ടാഴ്ച ശേഷിക്കേ ഒരുക്കം തകൃതി. പൂരം ദേവസ്വങ്ങള്‍ പൂരത്തിന്റെ വരവറിയിച്ച് കൊടിനാട്ടി. ബഹുനില പന്തലുകള്‍ സ്വരാജ് റൗണ്ടില്‍ ഉയരുകയായി. ചമയത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. പശ്ചാത്തല സൗകര്യങ്ങള്‍ ഒരുക്കാനുള്ള പ്രവൃത്തികള്‍ തൃശൂര്‍ കോര്‍പ്പറേഷനും ഉദ്യോഗസ്ഥ വൃന്ദങ്ങളും ആരംഭിച്ചു. ഇതിനിടെ വെടിക്കെട്ടിലും ആനയെഴുന്നള്ളിപ്പിലും നിലനില്‍ക്കുന്ന ആശങ്കകള്‍ പരിഹരിക്കാന്‍ പൂരപ്രേമികളും അധികൃതരും തിരക്കിട്ട ചര്‍ച്ചകളിലേക്കും നടപടികളിലേക്കും കടന്നു. ആകെ തൃശൂരുകാരും പൂരപ്രേമികളും പൂരാവേശത്തിലേക്ക് കടക്കുകയായി. പൂരത്തിന്റെ പ്രൗഢി തെളിയിക്കുന്ന ചമയങ്ങള്‍ ഒരുക്കുന്ന പ്രവൃത്തികള്‍ ആരംഭിച്ചു. പാറമേക്കാവും തിരുവമ്പാടിയും ഈവര്‍ഷത്തെ അവരവരുടെ സ്‌പെഷല്‍ ഐറ്റം ഒരുക്കാനും തുടങ്ങി. വര്‍ണക്കുടകള്‍, ആലവട്ടം, വെഞ്ചാമരം, നെറ്റിപ്പട്ടം, മകുടം, അലുക്ക്, കോലം തുടങ്ങി എഴുന്നള്ളിക്കുന്ന ആനകള്‍ക്കുള്ള വടവും കാല്‍ മണികളും അടക്കമുള്ളവയുടെ ഒരുക്കങ്ങളാണ് ചമയത്തിന്റെ അണിയറയില്‍ തയ്യാറാകുന്നത്. പൂരപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന കുടമാറ്റത്തിന്റെ ആരവം വാനോളം ഉയര്‍ത്തുന്നത് ഈ ചമയ ശാലകളില്‍നിന്ന് ഉയിര്‍കൊള്ളുന്ന കുടകളിലെ കരവിരുതിനാലാണ്.

Source

See also  അടുത്തത് ദക്ഷിണേന്ത്യ; 2024 ൽ മിഷൻ 333 ലക്ഷ്യമിട്ട് ബിജെപി