തൃശൂര്‍ പൂരപ്പന്തലിനു പാറമേക്കാവ് കാല്‍നാട്ടി: തൃശൂര്‍ ഒരുങ്ങുന്നത് ഹരിത പൂരത്തിന്!

Featured Kerala Thrissur
തൃശൂര്‍: തൃശൂര്‍പൂരത്തിന്റെ ഒരുക്കങ്ങള്‍ക്കു തുടക്കമിട്ട് ഇന്നലെ പാറമേക്കാവ് വിഭാഗം മണികണ്ഠനാലിനു സമീപം പന്തലിനു കാല്‍നാട്ടി. ക്ഷേത്രം മേല്‍ശാന്തി കാരേക്കാട്ട് രാമന്‍നമ്പൂതിരി, കീരംപിള്ളി വാസുദേവന്‍ നമ്പൂതിരി എന്നിവര്‍ ചേര്‍ന്നു ഭൂമിപൂജയും മുളയ്ക്കല്‍ പൂജയും നടത്തി. ദേവസ്വംപ്രസിഡന്റ് കെ.സതീഷ്‌മേനോന്‍, സെക്രട്ടറി ജി.രാജേഷ്, വൈസ് പ്രസിഡന്റ് വി.എം.ശശി, അസി.സെക്രട്ടറി കെ.മഹേഷ്, പന്തല്‍ കമ്മിറ്റി കണ്‍വീനര്‍ ടി.ബൈജു, സജീഷ് മൂക്കോനി എന്നിവര്‍ നേതൃത്വം നല്‍കി. ദേശവാസികളും പങ്കുചേര്‍ന്നു. പന്തല്‍ നിര്‍മാണത്തിനു കരാര്‍ നല്‍കിയിട്ടുളളത് ചേറൂര്‍ പള്ളത്ത് മണികണ്ഠനാണ്. വൈദ്യുതാലങ്കാരം നടത്തുന്നത് സുരേഷ് മുളംകുന്നത്തുകാവ്. ഗതാഗത തടസമൊഴിവാക്കി 105 അടി ഉയരത്തില്‍ നാല് നിലകളിലായാണ് പന്തലൊരുക്കുന്നത്.

തിരുവമ്പാടിയുടെ പന്തല്‍ കാല്‍നാട്ടുകര്‍മം ഞായറാഴ്ച്ച രാവിലെ 9.30 നും 10 നു മിടയില്‍ നടത്തും. നടുവിലാലിലും നായ്ക്കനാലിലുമാണ് പന്തലുകളൊരുക്കുന്നത്. നടുവിലാലില്‍ കാനാട്ടുകര ദാസനും നായ്ക്കനാലില്‍ മിണാലൂര്‍ ചന്ദ്രനുമാണ് പന്തലൊരുക്കുന്നത്. തിരുവമ്പാടിയില്‍ പുതിയ സ്വര്‍ണക്കോലം സമര്‍പ്പണം ഇന്ന് രാവിലെ 7.30 ന് നടക്കും. ലോകവിസ്മയമായ തൃശൂര്‍ പൂരം ഹരിതപൂരമാകും. മന്ത്രി വി.എസ്. സുനില്‍കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പൂരം ജനറല്‍ കോ ഓഡിനേഷന്‍ യോഗത്തിലാണ് പൂരംനടത്തിപ്പിന് ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കാന്‍ തീരുമാനിച്ചത്.

ഹരിത കേരള മിഷന്റെയും ശുചിത്വമിഷന്റെയും നേതൃത്വത്തില്‍ തൃശൂര്‍ കോര്‍പ്പറേഷന്‍ ഇതിനു പദ്ധതികള്‍ ആസൂത്രണം ചെയ്യും. പൂരം നടത്തിപ്പ് സംബന്ധിച്ച വിവിധവശങ്ങള്‍ ചര്‍ച്ചചെയ്തു. എല്ലാ വാഹനങ്ങള്‍ക്കും കടന്നുപോകാന്‍ കഴിയുംവിധം പൂരം പന്തലുകളുടെ ഉയരം വര്‍ധിപ്പിക്കണമെന്നു തീരുമാനിച്ചു. പൂരദിനങ്ങളില്‍ അന്തരീക്ഷ താപനില ഉയരാന്‍ സാധ്യതയുള്ളതിനാല്‍ സൂര്യാഘാതം ഒഴിവാക്കുന്നതിനുള്ള മുന്നറിയിപ്പുകള്‍ നല്‍കും. നിലവില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ കുടിവെള്ള വിതരണ സംവിധാനങ്ങളും പ്രാഥമിക ശുശ്രൂഷാ കേന്ദ്രങ്ങളും ഒരുക്കും. എഴുന്നള്ളിപ്പിനുള്ള ആനകളുടെയും പാപ്പാന്മാരുടെയും പട്ടിക മുന്‍കൂട്ടി വൈല്‍ഡ് ലൈഫ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കും. ആനകള്‍ക്ക് മതിയായ വിശ്രമം നല്‍കും. ഭക്ഷ്യസുരക്ഷാ പരിശോധന കര്‍ശനമാക്കും. ഇതിനായി പ്രത്യേക സ്‌ക്വാഡ് പ്രവര്‍ത്തിക്കും.
പൂരത്തിന്റെ മുന്നോടിയായി നഗരത്തിലെ വെളിച്ച വിതാനങ്ങളുടെ അറ്റകുറ്റപ്പണികള്‍ തീര്‍ക്കാനും, റോഡുകള്‍ ഗതാഗതയോഗ്യമാക്കാനും കെട്ടിടങ്ങളുടെ ബലക്ഷയം പരിശോധിക്കാനുമുള്ള നടപടികള്‍ക്ക് കോര്‍പ്പറേഷന്‍ സെക്രട്ടറിക്ക് മന്ത്രി വി.എസ്. സുനില്‍കുമാര്‍ നിര്‍ദേശം നല്‍കി. നീളം കൂടിയ ബലൂണുകളും, ശബ്ദതീവ്രതയുള്ള പീപ്പികളും അനുവദിക്കില്ല. പോലീസിന്റേതല്ലാത്ത ഹെലിക്യാമുകള്‍ക്കും നിരോധനമുണ്ട്. വെടിക്കെട്ടിനുള്ള മുന്നൊരുക്കങ്ങള്‍ കാര്യക്ഷമമായി നടത്തും. വെടിക്കോപ്പുകള്‍ ഒരുക്കുന്നത് പരിശോധിക്കാന്‍ പോലീസ് 25 അംഗ സ്‌ക്വാഡിനെ നിയോഗിക്കും. അന്തര്‍ദേശീയ ആഘോഷമായാണ് സര്‍ക്കാര്‍ തൃശൂര്‍ പൂരത്തെ കണക്കാക്കുന്നതെന്നും പൂരം ഭംഗിയായി നടത്താനുള്ള നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുമുണ്ടാകുമെന്നും മന്ത്രി സുനില്‍കുമാര്‍ പറഞ്ഞു.
സാമൂഹികനീതിവകുപ്പിന്റെ അഭ്യര്‍ഥന പ്രകാരം 20 അംഗപരിമിതര്‍ക്ക് പൂരം കാണുന്നതിനുള്ള പ്രത്യേക സൗകര്യവും ഒരുക്കും. വെടിക്കെട്ട് സുരക്ഷയുടെ ഭാഗമായി സ്ഥാപിച്ച ഫയര്‍ ഹൈഡ്രന്റ് സംവിധാനം പരിശോധിച്ച് പ്രവര്‍ത്തനക്ഷമത ഉറപ്പുവരുത്താന്‍ ഫയര്‍ ഫോഴ്‌സിനെ ചുമതലപ്പെടുത്തി. മേയര്‍ അജിത വിജയന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരിതോമസ്, കലക്ടര്‍ ടി.വി. അനുപമ, സിറ്റി പോലീസ് മേധാവി യതീഷ്ചന്ദ്ര, എ.ഡി.എം. റെജി. പി.ജോസഫ്, പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം ഭാരവാഹികളായ എം. മാധവന്‍കുട്ടി, സതീഷ് മേനോന്‍, ജി. രാജേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.