തൃശൂര്‍ പൂരം സുരക്ഷയ്ക്ക് പോലീസ് സജ്ജം

Featured Thrissur
10 ഡോഗ് സ്‌ക്വാഡ്, 160 ബോംബ് ഡിറ്റക്ഷന്‍ ടീം, അഞ്ച് ഐപിഎസ് ഉദ്യോഗസ്ഥർ…
തൃശൂര്‍: തൃശൂര്‍ പൂരം സുരക്ഷയ്ക്കായി പോലീസ് സജ്ജം. സാമ്പിള്‍വെടിക്കെട്ട് നടക്കുന്ന മേയ് 11 മുതല്‍ 14 ന് പൂരം ഉപചാരം ചൊല്ലി പിരിയുംവരെയുള്ള പോലീസ് ഡ്യൂട്ടി വിന്യാസം പൂര്‍ത്തീകരിച്ചു. തണ്ടര്‍ബോള്‍ട്ട് കമാന്‍ഡോകള്‍, 10 ഡോഗ് സ്‌ക്വാഡ്, സംസ്ഥാനത്തെ വിദഗ്ധരായ 160 ബോംബ് ഡിറ്റക്ഷന്‍ ടീം, ഷാഡോ പോലീസ്, വനിതാപോലീസ് എന്നിങ്ങനെ സുശക്തമായ കാവലിലാണ് ഇത്തവണത്തെ പൂരം നടക്കുക.

ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രങ്ങളോടെയും കരുതലോടെയുമാണ് പോലീസ് പരിശോധനയും സുരക്ഷാ പദ്ധതികളും നടപ്പിലാക്കുക. അഞ്ച് ഐ.പി.എസ്. ട്രെയ്‌നീസ്, 30 ഡിവൈ.എസ്.പിമാര്‍, 60 സി.ഐ, 300 എസ്.ഐ, 3000 പോലീസ് ഉദ്യോഗസ്ഥര്‍, 250 വനിതാ പോലീസ്, 130 എസ്.ഐ. ട്രെയിനീസ് എന്നിവരാണ് ഡ്യൂട്ടിക്കെത്തുക. തൃശൂര്‍ റേഞ്ച് ഐ.ജി. ബല്‍റാം കുമാര്‍ ഉപാധ്യായ, സിറ്റി പോലീസ് കമ്മിഷണര്‍ യതീഷ്ചന്ദ്ര എന്നിവരുടെ മേല്‍നോട്ടത്തിലാണ് സുരക്ഷയൊരുക്കുക. വടക്കുന്നാഥ ക്ഷേത്രം, തേക്കിന്‍കാട് മൈതാനം, സ്വരാജ് റൗണ്ടും പരിസരങ്ങളും എന്നിവിടങ്ങളില്‍ സി.സി.ടി.വി. ക്യാമറയുടെ വലയത്തിലാകും. 80 ക്യാമറകളിലൂടെ തത്സമയം മിഴിവുറ്റ വീഡിയോചിത്രങ്ങള്‍ കണ്‍ട്രോള്‍ റൂമില്‍ ലഭ്യമാക്കി പോലീസ് വീക്ഷിക്കും

രാത്രികാല നിയന്ത്രണം
സ്വരാജ് റൗണ്ടിലെയും നഗരത്തിലെയും ഗതാഗത നിയന്ത്രണത്തിനാവശ്യമായ ബാരിക്കേഡുകളും മറ്റ് നിയന്ത്രണ സംവിധാനങ്ങളും സജ്ജമായിക്കഴിഞ്ഞു. രാത്രികാല നിയന്ത്രണത്തിനാവശ്യമായ റിഫ്‌ളക്ടീവ് ജാക്കറ്റുകള്‍, ടോര്‍ച്ച് എന്നിവയെല്ലാം തയ്യാറായി. ഒരാഴ്ച മുമ്പേതന്നെ നഗരത്തിലെ ലോഡ്ജുകളിലും തിയേറ്ററുകളിലും വന്‍കിട ഹോട്ടലുകളിലുമെല്ലാം പോലീസ് പരിശോധന പൂര്‍ത്തിയാക്കി. ലോഡ്ജുകളിലും ഹോട്ടലുകളിലും മുറികളെടുത്ത് താമസിക്കുന്നവരെ നിരീക്ഷിച്ചുവരികയാണ്. സ്‌ഫോടകവസ്തു പരിശോധനകളും ക്രൈസിസ് മാനേജ്‌മെന്റ് പരിശോധനയും തുടരുകയാണ്.

കെട്ടിടങ്ങളിൽ പരിശോധന റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റോപ്പുകള്‍, തീരപ്രദേശങ്ങള്‍, ജില്ലാ അതിര്‍ത്തി പ്രദേശങ്ങള്‍ എന്നിവിടങ്ങളിലെല്ലാം കര്‍ശന സുരക്ഷയൊരുക്കിയിട്ടുണ്ട്. നഗരത്തിലെ ഉയരംകൂടിയ കെട്ടിടങ്ങളിലെല്ലാം പോലീസ് പരിശോധനയും കാവലും ഏര്‍പ്പെടുത്തി. ഇവിടങ്ങളില്‍ പോലീസ് ബൈനോക്കുലര്‍ നിരീക്ഷണം നടത്തും. അതീവ സുരക്ഷാ ഭാഗമായി ക്ഷേത്രം, മൈതാനം, സ്വരാജ് റൗണ്ട് പ്രദേശങ്ങളെ പ്രത്യേക മേഖലകളായി തിരിച്ചാണ് പോലീസ് നിയന്ത്രണം. പൂരപ്പറമ്പിനെ അഞ്ച് മേഖലകളായി വിഭജിച്ചാണ് നിയന്ത്രണം. എല്ലാ മേഖലകളിലും പരിചയസമ്പന്നരായ രണ്ട് ഡിവൈ.എസ്.പിമാര്‍ സുരക്ഷാ മേല്‍നോട്ടമേകും. ഗതാഗത നിയന്ത്രണത്തിനും പട്രോളിങ്ങിനും പ്രത്യേക സംവിധാനമുണ്ട്. പൂരം ദിവസവും സാമ്പിള്‍ വെടിക്കെട്ട് ദിവസവും നഗരത്തില്‍ ഗതാഗത പരിഷ്‌കരണം ഏര്‍പ്പെടുത്തും.

വാഹനങ്ങളിൽ പ്രത്യേക പട്രോളിങ്
നഗരത്തെ തെക്ക്, വടക്ക് എന്നിങ്ങനെ വിഭജിച്ചാണ് ക്രമസമാധാനപാലനവും പരിശോധനയും നടക്കുന്നത്. പോലീസ് വാഹനങ്ങളിലും ബൈക്കിലും നടന്നും പ്രത്യേകം പട്രോളിങ് സംഘങ്ങളുണ്ടാവും. പൂരം ദിവസം അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിനായി ചെമ്പോട്ടില്‍ ലൈന്‍ റോഡ് ആംബുലന്‍സ് സര്‍വീസസിനായി ഒഴിച്ചിടും. നഗരത്തിന്റെ മുക്കിലും മൂലയിലും ഇരുണ്ട കോണുകളിലുമെല്ലാം ശ്രദ്ധയോടെ സദാസമയവും പോലീസ് സാന്നിധ്യം ഉറപ്പുവരുത്തുന്ന രീതിയിലാണ് ഇത്തവണത്തെ പോലീസ് വിന്യാസം. സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണത്തിന് മുഖ്യപരിഗണന നല്‍കും. സുരക്ഷാ ഭാഗമായി പോലീസിനൊഴിച്ച് ആര്‍ക്കും ഹെലിക്യാം ക്യാമറ പ്രവര്‍ത്തനം അനുവദനീയമല്ല.

തിരിച്ചറിയൽ രേഖകൾ
അപരിചിതര്‍, മതിയായ രേഖകളില്ലാത്തവര്‍ എന്നിവരുടെ വിവരം പോലീസിന് ലോഡ്ജ് ഉടമകളും പൊതുജനങ്ങളും നല്‍കണം. ഇതിനുമപ്പുറം അത്യാവശ്യഘട്ടങ്ങളിലും അടിയന്തര സാഹചര്യങ്ങളിലും പോലീസ് നടപടി ഉറപ്പാക്കുന്നതിനായി ക്രൈസിസ് മാനേജ്‌മെന്റ് ടീം സജ്ജമാക്കിയിട്ടുണ്ട്. ഇവയെല്ലാം കൂട്ടിയിണക്കുന്നതിനും മോണിറ്റര്‍ ചെയ്യുന്നതിനുമായി പൂരം കണ്‍ട്രോള്‍ റൂമും, ജില്ലാ കണ്‍ട്രോള്‍ റൂമും 24 മണിക്കൂറും പ്രവര്‍ത്തിക്കും. ഫോണ്‍നമ്പര്‍ 100, 112

പൂരത്തിനൊരുങ്ങി ആരോഗ്യ വകുപ്പ്
സംസ്‌കാരിക നഗരി പൂരത്തിനൊരുങ്ങി നില്‍ക്കുമ്പോള്‍ കൈത്താങ്ങുമായി ആരോഗ്യ വകുപ്പ് സജ്ജം. പൂരത്തോടനുബന്ധിച്ച് അടിയന്തര സാഹചര്യങ്ങള്‍ മുന്‍കൂട്ടി കണ്ടു കൊണ്ട് പൂര നഗരിയില്‍ പൂരം ദിവസങ്ങളിലും സാമ്പിള്‍ വെടിക്കെട്ട് ദിവസത്തിലും പല സ്ഥലങ്ങളിലായി മെഡിക്കല്‍ സംഘങ്ങളെയും ആക്ടസിന്റേതടക്കം 20 ഓളം ആംബുലന്‍സുകളും വിന്യസിച്ചു.

ഡോക്ടർമാരുടെ സംഘം
പൂരം നഗരിയിലെ പ്രധാന കണ്‍ട്രോള്‍ റൂമിലും അടിയന്തര സാഹചര്യങ്ങളെ കൈകാര്യം ചെയ്യുന്നതിനായി പ്രധാനപ്പെട്ട സ്ഥലങ്ങളിലും ഡോക്ടര്‍മാരടങ്ങുന്ന പ്രത്യേക സംഘങ്ങളെയും വിന്യസിച്ചിട്ടുണ്ട്. പ്രധാന കണ്‍ട്രോള്‍ റൂമില്‍ നാലു ഷിഫ്റ്റുകളിലായി മെഡിക്കല്‍ കോൃളജില്‍നിന്നും ഡോക്ടര്‍മാരുടെ സേവനത്തോടൊപ്പം വീല്‍ചെയറുകള്‍, സ്‌ട്രെച്ചറുകള്‍, അടിയന്തര മരുന്നുകള്‍ എന്നിവയും 24 മണിക്കൂറും ലഭ്യമാക്കും. കൂടാതെ ഓണ്‍ കോള്‍ മൊബൈല്‍ മെഡിക്കല്‍ ടീമിനെയും സജ്ജമാക്കി. ഇതോടൊപ്പം ജില്ലാ ആശുപത്രിയില്‍ പ്രത്യേക സജ്ജീകരണങ്ങളോടെ കുടുതല്‍ ആരോഗ്യ പ്രവര്‍ത്തകരെ സ്‌പെഷല്‍ ഡൂട്ടിയില്‍ നിയോഗിച്ചു.

ആംബുലൻസുകൾ സജ്ജം
അമൃത, ആസ്റ്റര്‍ മെഡിസിറ്റി എന്നീ ആശുപത്രികളില്‍നിന്നുമുള്ള അഡ്വാന്‍സ്ഡ് ലൈഫ് സപ്പോര്‍ട്ട് ആംബുലന്‍സുകളും തയ്യാറാക്കി. ജില്ലയിലെ പ്രധാന സ്വകാര്യ ആശുപത്രികളിലും ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലും പ്രത്യേക വാര്‍ഡുകള്‍ ഒരുക്കി. ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ. ടി.കെ. അനൂപിനെയാണ് ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കുന്നതിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. കൂടാതെ പുകയില നിയന്ത്രണ നിയമം ശക്തമാക്കുന്നതിന്റെ ഭാഗമായി പൂരം പ്രദര്‍ശനനഗരിയുടെ 500 മീറ്റര്‍ ചുറ്റളവും മെയ് 11 മുതല്‍ 14 വരെയുള്ള തിയതികളില്‍ തൃശൂര്‍ റൗണ്ടും പുകയില രഹിത മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ചു. ഈ നിയമം ലംഘിക്കുന്നവര്‍ക്കെതിരേ കോട്പ നിയമം 2003 പ്രകാരം നിയമ നടപടി സ്വീകരിക്കുമെന്നും അറിയിച്ചു.