സപ്ലൈയ്‌കോ ഗോഡൗണില്‍നിന്ന് ഭക്ഷ്യധാന്യങ്ങള്‍ മാറ്റാനുള്ള ശ്രമം സംശയത്തിനിടയാക്കി

Featured Thrissur
തൃശൂര്‍: പുതുക്കാട് നെന്‍മണിക്കര കുന്നിശ്ശേരിയിലെ സപ്ലൈകോ ഗോഡൗണില്‍നിന്ന് അരിയും ഗോതമ്പും മാറ്റാനുള്ള ശ്രമം സംശയത്തിനിടയാക്കി. അവധി ദിവസമായ ഞായറാഴ്ച ഗോഡൗണ്‍ തുറന്ന് രാവിലെ മുതല്‍ അരിയും ഗോതമ്പും ചാക്കുകളിലാക്കി ലോറികളില്‍ കയറ്റിയതാണ് നാട്ടുകാര്‍ക്ക് പരാതിക്കിടയാക്കിയത്. സപ്ലൈകോ ഉദ്യോഗസ്ഥരില്ലാതെ കരാറുകാരന്റെ നേതൃത്വത്തിലാണ് ഭക്ഷ്യധാന്യങ്ങള്‍ ലോറിയില്‍ കയറ്റിയത്. അവധി ദിവസം നോക്കി ഭക്ഷ്യധാന്യങ്ങള്‍ കടത്താനുള്ള ശ്രമമാണ് കരാറുകാരന്‍ നടത്തിയതെന്നാണ് ആരോപണം.

കുന്നിശ്ശേരി, ഒളരി, കോളങ്ങാട്ടുകര എന്നിവിടങ്ങളിലുള്ള ഗോഡൗണ്‍ ഏറ്റെടുത്തിരിക്കുന്നത് ഒരേ കരാറുകാരനാണ്. പ്രദേശത്തെ യൂണിയന്‍ തൊഴിലാളികള്‍ ഇല്ലാതെ മറ്റുള്ളവരെ ഉപയോഗിച്ചാണ് ലോറിയില്‍ ലോഡ് കയറ്റിയത്. ഗോഡൗണില്‍ നിന്ന് ഭക്ഷ്യധാന്യങ്ങള്‍ കൊണ്ടുപോകാന്‍ പ്രത്യേക പെര്‍മിറ്റുള്ള വാഹനങ്ങള്‍ വേണമെന്നിരിക്കെ വേറെ ലോറികളില്‍ ലോഡ് കയറ്റിയതും സംശയത്തിനിടയാക്കി. കൂടാതെ ഒരു ലോറിയില്‍ ഇലക്ഷന്‍ അര്‍ജന്റ് എന്ന് പതിച്ചതും ഭക്ഷ്യധാന്യങ്ങള്‍ കടത്താനുള്ള ശ്രമമാണെന്നും നാട്ടുകാര്‍ കരുതി. ഓരോ റേഷന്‍ കടകളിലേക്കും വാതില്‍പടിയില്‍ എത്തിക്കുന്ന ഭക്ഷ്യധാന്യങ്ങളുടെ ബില്ല് അടിച്ചതിനുശേഷമാണ് ലോറിയില്‍ കയറ്റിയതെന്നും തിങ്കളാഴ്ച രാവിലെ മുതല്‍ വിതരണം നടത്തുമെന്നും അധികൃതര്‍ പറഞ്ഞു.

ലോഡു കയറ്റിയ അഞ്ച് ലോറികള്‍ ഗോഡൗണില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് സപ്ലൈകോ ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തി. വാടകക്കെടുത്ത ഗോഡൗണ്‍ ഈ മാസം കാലിയാക്കേണ്ടതിനാലാണ് ഭക്ഷ്യധാന്യങ്ങള്‍ മാറ്റുന്നതെന്ന് തൃശൂര്‍ താലൂക്ക് സപ്ലൈ അസി. ഓഫീസര്‍ സതീഷ് കുമാര്‍ അറിയിച്ചു. പ്രത്യേക അനുമതിയോടെയാണ് ഞായറാഴ്ച ഗോഡൗണ്‍ തുറന്നതെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. തൃശൂര്‍ താലൂക്ക് പരിധിയിലുള്ള 294 റേഷന്‍ കടകളിലേക്കാണ് മൂന്ന് ഗോഡൗണില്‍ നിന്ന് ഭക്ഷ്യധാന്യങ്ങള്‍ എത്തിക്കുന്നത്.

Source

See also  തൃശൂര്‍ പൂരം സുരക്ഷയ്ക്ക് പോലീസ് സജ്ജം