തൃശൂര്‍: ടി.എന്‍. പ്രതാപനിലൂടെ തൃശൂര്‍ തിരികെ പിടിച്ച കോണ്‍ഗ്രസിനു ചരിത്രജയം. എല്ലാ കണക്കുകൂട്ടലുകളെയും മറികടക്കുന്ന വോട്ടുനിലയാണ് യുഡിഎഫിനു തൃശൂരിലുണ്ടായത്. ഇതുവരെ യുഡിഎഫിനു ലഭിച്ച ഏറ്റവും വലിയ ലീഡ് 84 ലാണ്. കോണ്‍ഗ്രസിലെ പിഎ ആന്റണി 51,290 വോട്ടുകള്‍ക്ക് എതിരാളി വി വി രാഘവനെ തോല്പിച്ചു. ഇക്കുറി ഇതു നിഷ്പ്രയാസം പ്രതാപന് മറികടന്നു. കണക്കുകള്‍ അരച്ചുകുറുക്കി യു.ഡി.എഫ് കണക്കാക്കിയ 30,000 വും കടന്ന് ലീഡ് കുതിച്ചതോടെ കോണ്‍ഗ്രസ് പോലും ഞെട്ടി.
ദേശീയ മത്സ്യതൊഴിലാളി കോണ്‍ഗ്രസ് പ്രസിഡന്റ് എന്ന നിലയില്‍ രാഹുല്‍ ഗാന്ധിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന പ്രതാപന് വിജയവും റെക്കോഡ് ഭൂരിപക്ഷവും ഇരട്ടിമധുരമായി. പ്രതാപനു തീരദേശമേഖലയില്‍ വലിയ വോട്ടുചോര്‍ച്ചയുണ്ടാകുമെന്ന പ്രചാരണമുണ്ടായിരുന്നതും ചീറ്റിപ്പോയെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. അതേസമയം പോളിങ് ശതമാനം വര്‍ധിച്ചിട്ടും വോട്ടുവിഹിതം കുറഞ്ഞത് ഇടതുപക്ഷത്ത് വന്‍ ചര്‍ച്ചയായി. 2014 ല്‍ 3.89 ലക്ഷം വോട്ടുകളാണ് ഇടതുപക്ഷം പിടിച്ചത്. ഇത്തവണ 321456 ആയി വോട്ടുവിഹിതം കുറഞ്ഞു. ഇതു ഇടതുമുന്നണിയില്‍ പുതിയ ചോദ്യമുയര്‍ത്തും.
തൃശൂര്‍ അസംബ്ലി മണ്ഡലത്തിലെ വോട്ടിങ് നിലയില്‍ മൂന്നാം സ്ഥാനത്തേക്ക് ഇടതുപക്ഷം പിന്തള്ളപ്പെട്ടതും പലരെയും ഞെട്ടിച്ചു. തൃശൂരില്‍ പ്രതാപന് 55668 വോട്ടുകള്‍ നേടിയപ്പോള്‍ സുരേഷ്ഗോപി 37649 വോട്ടുകള്‍ നേടി രണ്ടാംസ്ഥാനത്തു വന്നു. മൂന്നാം സ്ഥാനത്തുള്ള രാജാജിക്കു ലഭിച്ചത് 31110 വോട്ടുകള്‍. 6539 വോട്ടുകള്‍ കുറവ്. പ്രതാപന് 18019 വോട്ടുകളാണ് തൃശൂര്‍ മണ്ഡലത്തില്‍ ലീഡ്. ലോക്സഭാ പരിധിയില്‍ വരുന്ന എല്ലാ മണ്ഡലങ്ങളിലും പ്രതാപന് വ്യക്തമായ ലീഡു പിടിച്ചു. ഗുരുവായൂരില്‍ 20,000 ല്‍ അധികം വോട്ടുകളുടെ ലീഡാണ് പ്രതാപനുള്ളത് എന്നതും സി.പി.ഐയ്ക്ക് ദഹിക്കുന്ന കാര്യമല്ല. അവിടെ സി.പി.എം. സസുഖം നിയമസഭയിലേക്കു സ്ഥിരമായി ജയിച്ചു കയറുന്നു. ഇവിടെ ഇത്രയധികം വോട്ടുകളുടെ ഭൂരിപക്ഷം പ്രതാപനു ലഭിച്ചതു ഇടതുകേന്ദ്രങ്ങളെയും ഞെട്ടിച്ചു.
Read more at: https://malayalam.oneindia.com/news/thrissur/tn-prathapan-s-victory-in-lok-sabha-election-226326.html