തൃശൂരിൽ വീട്ടിൽ പാർക്ക് ചെയ്ത കാർ കത്തി നശിച്ച സംഭവം; പിന്നിൽ ക്വട്ടേഷൻ…

Crime Thrissur

കടംനല്‍കിയ ലക്ഷങ്ങള്‍ തിരികെ കൊടുക്കാത്തതിലെ വൈരാഗ്യം, പ്രതികൾ കുടുങ്ങിയത് പത്ത് ദിവസത്തിനുള്ളിൽ

തൃശൂര്‍: ചാലക്കുടി കല്ലേറ്റുംകര ആശാരിമൂലയില്‍ വീടിനോടുചേര്‍ന്നുള്ള പറമ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന ഹ്യുണ്ടായ് ഐ ടെന്‍ കാര്‍ കത്തിനശിച്ച സംഭവം ക്വട്ടേഷന്‍ നല്‍കി തീവച്ചതെന്നു തെളിഞ്ഞു. ആളൂര്‍ കനാല്‍ പാലത്തിനു സമീപം പുതുശ്ശേരി വീട്ടില്‍ അടപ്പന്‍സിജു എന്നറിയപ്പെടുന്ന സിജുമോന്‍ (38), ഇരിങ്ങാലക്കുട ഗാന്ധിഗ്രാം സ്വദേശി കല്ലുങ്കല്‍ വീട്ടില്‍ ഫ്രെനി (41) എന്നിവര്‍ അറസ്റ്റില്‍.

കല്ലേറ്റുംകര ആശാരിമൂലയിലുള്ള രാജന്‍ എന്നയാള്‍ റെന്റിനെടുത്ത കാറാണ് സാമ്പത്തിക തര്‍ക്കത്തെത്തുടര്‍ന്ന് സുഹൃത്തായ ഫ്രെനിയുടെ ആസൂത്രണത്തില്‍ കത്തിച്ചത്. പതിനഞ്ചു വര്‍ഷത്തോളം വിദേശത്തായിരുന്ന ഫ്രെനി അവിടെനിന്നു സമ്പാദിച്ച പതിനഞ്ചു ലക്ഷത്തോളം രൂപ തന്റെ വിശ്വസ്ത സുഹൃത്തായ രാജനെ ഏല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടിലെത്തി വീടുപണിയാരംഭിച്ചപ്പോള്‍ പണം തിരികെ ചോദിച്ചെങ്കിലും രാജന്‍ ഒഴിവുകഴിവു പറഞ്ഞ് നീട്ടിക്കൊണ്ടു പോവുകയായിരുന്നു.

മാസങ്ങള്‍ കഴിഞ്ഞപ്പോഴും പണം ലഭിക്കാതായതോടെ വഞ്ചിതനായെന്ന തോന്നലില്‍ ഫ്രെനിക്ക് വൈരാഗ്യം ജനിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് രാജന് ‘ഒരു പണി കൊടുക്കണമെന്ന്’ ബാറില്‍വച്ച് പരിചയപ്പെട്ട ഗുണ്ട അടപ്പന്‍ സിജുവിനോട് ആവശ്യപ്പെട്ടതോടെയാണ് രാജന്‍ ഉപയോഗിക്കുന്ന കാര്‍ കത്തിക്കാമെന്ന ആശയത്തിലേക്ക് എത്തിയത്. തുടര്‍ന്ന് എഴുപത്തയ്യായിരം രൂപ സിജുവിനെ ഏല്‍പ്പിക്കുകയും സിജു വിദഗ്ധമായി കൃത്യം നിര്‍വഹിക്കുകയുമായിരുന്നു.

തൃശൂര്‍ പൂരത്തിന്റെ പുലര്‍വേളയില്‍ നടന്ന ഈ സംഭവത്തില്‍ തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി കെ.പി. വിജയകുമാരന്‍ ഐപിഎസിന്റെ നിര്‍ദേശപ്രകാരം പ്രത്യേകാന്വേഷണസംഘം രൂപീകരിക്കുകയായിരുന്നു. തുടര്‍ന്ന് പൂര്‍ണമായും കത്തിനശിച്ച കാറില്‍നിന്നു തെളിവുകള്‍ ശേഖരിച്ച് ശാസ്ത്രീയമായി നടത്തിയ പരിശോധനയില്‍ ആരോ കാര്‍ കത്തിച്ചതാണെന്നു വ്യക്തമായി.

ഇതേത്തുടര്‍ന്ന് ആളൂരില്‍ തമ്പടിച്ച് മേഖലയിലെ ക്രിമിനലുകളെയും അവരുടെ നടപ്പുരീതികളെയും കേന്ദ്രീകരിച്ച് നടത്തിയ സൂക്ഷ്മനിരീക്ഷണമാണ് സംശയത്തിന്റെ മുന അടപ്പന്‍സിജുവിലേക്കെത്തിച്ചത്. പോലീസ് ആദ്യം സിജുവിനെ കണ്ട് സംഭവത്തെപ്പറ്റി വിശദമായി ചോദിച്ചെങ്കിലും സിജു ഒന്നുമറിയാത്ത ഭാവത്തില്‍ ഒഴിഞ്ഞു മാറുകയായിരുന്നു.

എങ്കിലും സിജുവിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ അന്വേഷണ സംഘം സിജുവിനെ രഹസ്യമായി നിരീക്ഷിക്കാനാരംഭിച്ചു. ഇതേത്തുടര്‍ന്ന് സിജുവും ഫ്രെനിയും തമ്മില്‍ അസ്വാഭാവികമായ സൗഹൃദം പുലര്‍ത്തുന്നതായി കണ്ടെത്തുകയും സംശയത്തിന്റെ മുന രാജനുമായി സാമ്പത്തിക ഇടപാടുകളുള്ള ഫ്രെനിയിലേക്ക് നീളുകയും ചെയ്തതോടെ ഫ്രെനിയെ കസ്റ്റഡിയിലെടുത്ത അന്വേഷണ സംഘം ഡിവൈ.എസ്. പി.കെ. ലാല്‍ജിയുടെ നേതൃത്വത്തില്‍ വിശദമായി നടത്തിയ ചോദ്യംചെയ്യലില്‍ താനാണ് കത്തിച്ചതെന്ന് ഇയാള്‍ സമ്മതിച്ചെങ്കിലും സിജുവുമായുള്ള ബന്ധത്തെപ്പറ്റി ചോദിച്ചതോടെ പിടിച്ചു നില്‍ക്കാനാവാതെ സംഭവങ്ങള്‍ തുറന്നു പറയുകയായിരുന്നു.

See also  താനൂര്‍ ഇസ്ഹാഖ് വധക്കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അടപ്പന്‍ സിജുവിനെപ്പോലുള്ളവര്‍ക്കേ ഇത്ര വിദഗ്ധമായി ഇത്തരം കൃത്യം ചെയ്യാനാവൂ എന്ന അന്വേഷണസംഘത്തിന്റെ നിഗമനം ശരിവയ്ക്കുന്നതായിരുന്നു പ്രതികളുടെ അറസ്റ്റ്. പ്രത്യേകാന്വേഷണ സംഘത്തില്‍ ആളൂര്‍ എസ്.ഐ. രാജീവ് എന്‍.എസ്., ക്രൈം സ്‌ക്വാഡ് അംഗങ്ങളായ ജിനുമോന്‍ തച്ചേത്ത്, സതീശന്‍ മടപ്പാട്ടില്‍, റോയ് പൗലോസ്, പി.എം. മൂസ, വി.യു. സില്‍ജോ, എ.യു. റെജി, ഷിജോ തോമസ്, ആളൂര്‍ സ്റ്റേഷനിലെ എ.എസ്.ഐ. സുരേഷ് സി.കെ. എന്നിവരാണുണ്ടായിരുന്നത്.

ആളൂര്‍ ചാലക്കുടി മേഖലയിലെ അറിയപ്പെടുന്ന കുറ്റവാളിയായുള്ള സിജു മോന്റെ മാറ്റം ചുരുങ്ങിയ കാലത്തിനുള്ളിലായിരുന്നു. യുവാവായതോടെ ആരംഭിച്ച കൂട്ടുകെട്ടില്‍നിന്നു സിദ്ധിച്ച ലഹരി ഉപയോഗമാണ് കുറഞ്ഞ സമയംകൊണ്ട് പോലീസിന്റെ കണ്ണിലെ കരടായി മാറാന്‍ തക്കവണ്ണം നിരവധി കേസിലെ പ്രതിയായി ഇയാളെ മാറ്റിയത്. കേസുകളില്‍ കൂടുതലും സംഘം ചേര്‍ന്നുള്ള കുറ്റകൃത്യങ്ങള്‍. അതില്‍ മോഷണവും പിടിച്ചുപറിയുമാണധികവും. ലഹരി ഉപയോഗിക്കാത്തപ്പോള്‍ വീട്ടില്‍നിന്ന് അധികം പുറത്തിറങ്ങാത്ത ഇയാള്‍ കമ്പിനി കൂടി ഏതെങ്കിലും ലഹരി ഉപയോഗിച്ചാല്‍ കൊടും ക്രിമിനല്‍ സ്വഭാവമായി മാറും.

ഇതിനുദാഹരണമാണ് അവസാനം ഇയാള്‍ ജയിലില്‍ പോയ ചാലക്കുടിയിലെ മുളകുപൊടിയെറിഞ്ഞ് നടത്തിയ കൊള്ള. അന്ന് സിജുമോനും കോടാലി സ്വദേശിയായ പട്ടി ജോബിയെന്നറിയപ്പെടുന്ന ജോബിയും വയോധികരായ രണ്ടു കച്ചവടക്കാരെയാണ് ആക്രമിച്ച് കവര്‍ച്ച നടത്തിയത്. കൊടകര മുതല്‍ ചാലക്കുടിവരെ നടന്ന് ലോട്ടറി വില്പന നടത്തുന്ന എഴുപത്തഞ്ചു വയസുകാരനെ കണ്ണില്‍ മുളക് പൊടിയെറിഞ്ഞ് ബാഗ് തട്ടിപ്പറിച്ചെടുത്തതാണ് ആദ്യ സംഭവം. ചാലക്കുടി മാര്‍ക്കറ്റില്‍ ചാക്ക് വ്യാപാരം നടത്തുന്ന എണ്‍പതോളം വയസുള്ള മറ്റൊരു വയോധികനെ സമാനമായ രീതിയില്‍ മുളകുപൊടി കണ്ണിലെറിഞ്ഞ് പണമടങ്ങിയ ബാഗ് തട്ടിയെടുത്തതാണ് രണ്ടാമത്തെ സംഭവം.

കൂടാതെ പോട്ടയിലെ ഒരു അമ്പലത്തില്‍നിന്ന് ചെമ്പ് പാത്രങ്ങളും വിളക്കുകളും ചിലമ്പുകളും മോഷണം നടത്തിയതിനും പോട്ടയില്‍ കാല്‍നടയാത്രക്കാരനെ ഓട്ടോറിക്ഷയില്‍ വന്ന് സംഘം ചേര്‍ന്ന് ആക്രമിച്ച് പണം കവര്‍ച്ച ചെയ്തതിനും പുളിക്കകടവില്‍ ആരാധനാലയങ്ങളില്‍നിന്ന് ഭണ്ഡാരം തുറന്ന് മോഷണം നടത്തിയതും മംഗലശ്ശേരിയിലുള്ള ഒരു പള്ളിയില്‍നിന്ന് മോഷണം നടത്തിയതിനും ചാലക്കുടി നിര്‍മല കോളജിന് സമീപംവച്ച് നടന്നു പോയിരുന്ന ഒരു യുവതിയുടെ സ്വര്‍ണമാല ബൈക്കിലെത്തി പൊട്ടിച്ചതിനും ആളൂരില്‍ യുവാവിനെ മുന്‍ വൈരാഗ്യത്താല്‍ സോഡാ കുപ്പികൊണ്ട് തലയ്ക്കടിച്ചതിനും 2009 ല്‍ ചാലക്കുടിയില്‍വച്ച് ഒരാളെ അപകീര്‍ത്തിപ്പെടുത്തുമെന്ന് ഭയപ്പെടുത്തി എട്ടുലക്ഷം രൂപ തട്ടിയെടുത്ത കേസിലും പ്രതിയാണ്.