തൃശൂര്‍ നഗരപരിധിയില്‍ യുഡിഎഫ് മുന്നേറ്റം

Featured Politics
തൃശൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ ഇടതുമുന്നണിക്ക് വോട്ടുകള്‍ കാര്യമായി കുറഞ്ഞു: നഗരപരിധിയില്‍ യുഡിഎഫ് മുന്നേറ്റം, അമ്പതോളം ബൂത്തുകളില്‍ ബിജെപി…
തൃശൂര്‍: തൃശൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ ഇടതുമുന്നണിക്ക് വോട്ടുകള്‍ കാര്യമായി കുറഞ്ഞത് സി.പി.എമ്മിനെ പിടിച്ചുലയ്ക്കുന്നു. തൃശൂര്‍ അസംബ്ലി മണ്ഡലത്തില്‍ മൊത്തത്തില്‍ രണ്ടാമതെത്തിയ ബിജെപി മണ്ഡലത്തിലെ അമ്പതോളം ബൂത്തുകളില്‍ ഒന്നാമതെത്തിയതാണ് സി.പി.എമ്മിനെ ആശങ്കയിലാഴ്ത്തുന്നത്. ഇവിടെ എങ്ങനെയാണ് വോട്ടുകള്‍ നഷ്ടമായത് എന്നതു സംബന്ധിച്ചു മത്സരിച്ച പാര്‍ട്ടിയായ സി.പി.ഐയും കണക്കെടുപ്പു തുടങ്ങി.

സി.പി.എമ്മുകാര്‍ നല്ലനിലയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണ് സി.പി.ഐയുടെ പൊതുവായ വിലയിരുത്തല്‍. എന്നാല്‍ വോട്ടുകള്‍ മറിഞ്ഞുവോ എന്നതുള്‍പ്പെടെ അവര്‍ക്കു പരിശോധിക്കേണ്ടി വന്നിരിക്കുകയാണ്. ഇടതുമുന്നണി ലോക്‌സഭാ കമ്മിറ്റി കണക്കുകൂട്ടി വെച്ചിരുന്നതിന്റെ പകുതിയോളം വോട്ടുകള്‍ മാത്രമാണ് നഗരപരിധിയില്‍ പലയിടത്തും ലഭിച്ചത്.

ബി.ജെ.പി. പുതിയ സ്വാധീനമേഖലകള്‍ തുറന്നത് കൊക്കാലെ, വടൂക്കര, അയ്യന്തോള്‍, പുതൂര്‍ക്കര, ചേറൂര്‍ ഡിവിഷനുകളിലാണ്. ഇതൊക്കെ സി.പി.എമ്മിന്റെ ശക്തികേന്ദ്രങ്ങളുമാണ്. ചേറൂരില്‍ അമ്പല കമ്മിറ്റികളില്‍നിന്നു സി.പി.എമ്മുകാരെ പിന്‍വലിപ്പിക്കാന്‍ പാര്‍ട്ടി നടത്തിയ ശ്രമവും പാളിയിരുന്നു. ശബരിമല വിഷയം ആഴത്തില്‍ ഇടതുമുന്നണിയെ ബാധിച്ചുവെന്നതിനെ സാധൂകരിക്കുന്ന കണക്കാണ് നഗരമേഖലയില്‍ നിന്നു ലഭിക്കുന്നത്. ശബരിമല വിഷയം വോട്ടുകളെ ബാധിച്ചുവെന്ന് ഇടതുനേതാക്കള്‍ രഹസ്യമായി സമ്മതിക്കുന്നു. ഒല്ലൂക്കര മേഖലകളില്‍ ഇടതുപക്ഷമാണ് രണ്ടാംസ്ഥാനത്ത്. അതേസമയം യു.ഡി.എഫ്. ഇവിടെയും മുന്നില്‍. പൂങ്കുന്നം, കുട്ടന്‍കുളങ്ങര, പാട്ടുരായ്ക്കല്‍, കോട്ടപ്പുറം, തേക്കിന്‍കാട് മേഖലയില്‍ ബി.ജെ.പി ആധിപത്യം നേടി. ഇവിടങ്ങളില്‍ കോണ്‍ഗ്രസ് രണ്ടാമതു വന്നു. കോര്‍പ്പറേഷന്‍ ഭരണമുണ്ടായിട്ടും ഇടതുപക്ഷത്തിനു ഈ മേഖലകളില്‍ കയറിപ്പറ്റാനാകുന്നില്ലെന്ന് പാര്‍ട്ടിയിലെ തന്നെ ഒരുവിഭാഗം ചൂണ്ടിക്കാട്ടുന്നു. ഇതിന്റെ കാരണം കണ്ടെത്തണമെന്ന ആവശ്യവുമുയര്‍ന്നിട്ടുണ്ട്. വോട്ടുചോര്‍ച്ച സംബന്ധിച്ചു സി.പി.എം. നേതൃത്വം പ്രത്യേകമായി അന്വേഷിച്ചേക്കും. ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ ഇടതിനു തിരിച്ചടിയായെന്നു തൃശൂര്‍ മുന്‍ എം.പി. സി.എന്‍.ജയദേവന്‍. ജനവികാരം മനസിലാക്കുന്നതില്‍ ഇടതുപക്ഷം പരാജയപ്പെട്ടുവെന്ന് സി.എന്‍. ചൂണ്ടിക്കാട്ടി. വിശ്വാസം പോലുള്ള കാര്യങ്ങളില്‍ തൊടുമ്പോള്‍ അങ്ങേയറ്റം ജാഗ്രത വേണ്ടതായിരുന്നു. അതുണ്ടായില്ല. ഇതു വലിയ അമര്‍ഷമാണുണ്ടാക്കിയത്. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നടത്തിയ തിരക്കിട്ട നീക്കങ്ങള്‍ ഒരുവിഭാഗത്തിനെ വെറുപ്പിച്ചു.അതു മനസിലാക്കി വേണമായിരുന്നു നീങ്ങാന്‍. തെരഞ്ഞെടുപ്പു വേളയില്‍ തന്നെ ശബരിമല തിരിച്ചടിയാകുവാനിടയുണ്ടെന്നു സൂചനയുണ്ടായിരുന്നു. എന്നാല്‍ പലരും അതു കാര്യമായെടുത്തില്ല. പാര്‍ട്ടി വേദികളില്‍ ഇക്കാര്യമുന്നയിക്കും. സി.പി.ഐ. ജില്ലാകമ്മിറ്റി 31 ന് ചേരുമ്പോള്‍ ഇക്കാര്യത്തില്‍ വിശദചര്‍ച്ചയുണ്ടാകുമെന്നാണ് കരുതുന്നത്. വിലയിരുത്തലുകള്‍ സംസ്ഥാന എക്‌സിക്യൂട്ടീവില്‍ അവതരിപ്പിക്കും. പൊതുവിലയിരുത്തല്‍ പാര്‍ട്ടിയിലുണ്ടായശേഷമാകും ഇടതുമുന്നണിയില്‍ വിഷയം അവതരിപ്പിക്കുകയെന്നും ജയദേവന്‍ കൂട്ടിച്ചേര്‍ത്തു. ശബരിമല വിഷയത്തില്‍ സി.പി.ഐയിലെ മുതിര്‍ന്ന പല നേതാക്കളും സി.പി.എമ്മിന്റെ നയത്തിനു വിരുദ്ധ നിലപാടെടുത്തു മുന്നോട്ടുവരുന്നത് ശ്രദ്ധേയമാണ്. ഇടതുമുന്നണി യോഗത്തില്‍ ഇതു ചൂടേറിയ ചര്‍ച്ചകള്‍ക്കിടയാക്കുമെന്നാണ് കരുതുന്നത്. അതിനിടെ ശബരിമല വിഷയം പിണറായി സര്‍ക്കാര്‍ കൈകാര്യം ചെയ്ത രീതിക്കെതിരേ ജനരോഷമുയര്‍ന്നതായും അതു യു.ഡി.എഫിനു അനുകൂലമായെന്നും തൃശൂര്‍ യു.ഡി.എഫ്. തെരഞ്ഞെടുപ്പു സമിതി ചെയര്‍മാന്‍ തേറമ്പില്‍ രാമകൃഷ്ണനും വ്യക്തമാക്കി. തൃശൂര്‍ മണ്ഡലത്തില്‍ സുരേഷ്‌ഗോപിയുടെ വ്യക്തിപ്രഭാവം ബി.ജെ.പിക്ക് അനുകൂല വോട്ടായി മാറിയിട്ടുണ്ട്. കോണ്‍ഗ്രസിനേക്കാള്‍ ഇടതുപക്ഷ വോട്ടുകളാണ് സുരേഷ്‌ഗോപിക്കു ലഭിച്ചത്. കേന്ദ്ര, സംസ്ഥാനസര്‍ക്കാരുകള്‍ക്ക് എതിരേയുള്ള ജനരോഷമാണ് യു.ഡി.എഫിനു തുണയായത്.

See also  തിങ്കളാഴ്ച പൂരങ്ങളുടെ പൂരം! മ്മ്‌ടെ തൃശൂർ പൂരം 2019

നിലവിലെ ബി.ജെ.പി. കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരുടെ ബൂത്തുകളില്‍ അവരാണ് ഒന്നാമത്. രണ്ടാമത് കോണ്‍ഗ്രസ്. സി.പി.എം. മൂന്നാംസ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. സി.പി.എം. മുന്നിലെത്തിയത് ആറു ബൂത്തുകളില്‍ മാത്രമാണ് എന്നത് ഇടതുമുന്നണിയുടെ അടിത്തറ ദുര്‍ബലമാണെന്നു വ്യക്തമാക്കുന്നതായി. കോര്‍പ്പറേഷന്‍ പരിധിയില്‍ ഒട്ടാകെ 157 ബൂത്തുകളാണുള്ളത്. 102 ബൂത്തുകളില്‍ യു.ഡി.എഫാണ് മുന്നില്‍. കോര്‍പ്പറേഷനില്‍ ബി.ജെ.പിക്കു വഴിവിട്ട സഹായം സി.പി.എം നേതാക്കള്‍ നല്‍കുന്നുവെന്നതിനെ ചൊല്ലി മുമ്പു പലപ്പോഴും വിവാദമുയര്‍ന്നിരുന്നു.