തൃശൂര്‍: ആരു ജയിക്കുമെന്ന ആകാംക്ഷയില്‍ താരമണ്ഡലമായ തൃശൂര്‍. നടന് സുരേഷ്ഗോപിയുടെ വരവോടെ മറ്റു രണ്ടു മുന്നണികളുടെയും വോട്ടുകള്‍ വിഭജിച്ചുവെന്ന കണക്കുകൂട്ടലിനെ തുടര്‍ന്നാണിത്. തൃശൂരില്‍ ഇഞ്ചോടിഞ്ചു ത്രികോണമത്സരമായിരുന്നു. ബിജെപിയുടെ ബൂത്ത് തലത്തില്‍ നിന്നു ലഭിച്ച കണക്കുപ്രകാരം ഇടതുപക്ഷത്തിനു മൂന്നാംസ്ഥാനമാണ്.അതേസമയം ഇടതുപക്ഷം ഉറപ്പിക്കുന്നത് നല്ല മാര്‍ജിനില്‍ സിപിഐയുടെ രാജാജി മാത്യുതോമസ് ജയിക്കുമെന്നു തന്നെയാണ്. യുഡിഎഫില്‍ നിന്നു സുരേഷ്ഗോപിക്ക് അനുകൂലമായി കുറച്ചുവോട്ടുകള്‍ മറിഞ്ഞുവെന്ന നിഗമനം നേരത്തെ സ്ഥാനാര്‍ഥി ടിഎന്‍ പ്രതാപന് പങ്കുവെച്ചിരുന്നു. പിന്നീട് അദ്ദേഹം ഇതു നിഷേധിച്ചു. കോണ്‍ഗ്രസ് ജയിക്കുമെന്നും വ്യക്തമാക്കി. ഫലത്തില്‍ മൂന്നു മുന്നണികളും ഒരുപോലെ ജയപ്രതീക്ഷ പുലര്‍ത്തുന്നു. സംസ്ഥാനത്ത് പ്രവചനാതീതമായ മത്സരം നടക്കുന്ന മണ്ഡലമായി തൃശൂര്‍ മാറിക്കഴിഞ്ഞു. അതേസമയം ബിജെപിക്ക് ഇക്കുറി വോട്ടുകള്‍ അധികം ലഭിക്കുമെന്നാണ് സൂചന.
ബിജെപിയുടെ എ പ്ലസ് മണ്ഡലമായ തൃശൂരില്‍ മൂന്നരലക്ഷത്തിലധികം വോട്ടുകളോടെ ഒന്നാമതെത്തുമെന്നാണ് അവരുടെ കണക്കു കൂട്ടല്‍. ചുരുങ്ങിയത് രണ്ടാംസ്ഥാനം ഉറപ്പാണെന്നും അവകാശപ്പെടുന്നു. അതോടെ മുന്നണികളുടെ താഴേതട്ടില്‍ അങ്കലാപ്പേറി. സുരേഷ്ഗോപി ആരുടെ വോട്ടുകളാണ് അധികമായി പിടിച്ചെടുക്കുകയെന്ന ആശങ്കയാണ് തെരഞ്ഞെടുപ്പു ചര്‍ച്ചകളുടെ കേന്ദ്രബിന്ദു. കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ ബിജെപി ഒട്ടാകെ രണ്ടുലക്ഷത്തിലധികം വോട്ടുകള്‍ നേടിയിരുന്നു. 2014 ലെ തെരഞ്ഞെടുപ്പില്‍ ഒന്നേകാല്‍ ലക്ഷം വോട്ടു നേടി.