എന്റെ സ്‌നേഹം അദ്ദേഹത്തെ പരാജയപ്പെടുത്തുമെന്ന് രാഹുല്‍

Featured National Politics
കുടുംബത്തെ പറ്റി മോദി എന്തും പറയട്ടെ… എന്റെ സ്‌നേഹം അദ്ദേഹത്തെ പരാജയപ്പെടുത്തുമെന്ന് രാഹുല്‍
ദില്ലി: മോദി തന്റെ അച്ഛനെ കുറിച്ച് കഴിഞ്ഞ ദിവസം മുതല്‍ സംസാരിക്കുന്നുണ്ട്. അദ്ദേഹം എന്ത് വേണമെങ്കിലും പറയട്ടെ. എന്നെ കുറിച്ചോ, എന്റെ അമ്മയെ കുറിച്ചോ, പിതാവിനെ കുറിച്ചോ, മുത്തശ്ശിയെ കുറിച്ചോ എന്തു വേണമെങ്കിലും പറയട്ടെ, നിങ്ങളുടെ വെറുപ്പിന് ഞാന്‍ സ്‌നേഹം കൊണ്ട് മറുപടി പറയും. നിങ്ങളെ പാര്‍ലമെന്റില്‍ വെച്ച് കെട്ടിപ്പിച്ചത് സ്‌നേഹം കൊണ്ട്. ഈ സ്‌നേഹം കാരണം മെയ് 23ന് നിങ്ങള്‍ പരാജയപ്പെടുമെന്നും രാഹുല്‍ പറഞ്ഞു.

രാജീവ് ഗാന്ധി നമ്പര്‍ വണ്‍ കള്ളനാണെന്ന പരാമര്‍ശത്തെ തള്ളാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിപക്ഷത്തിന്റെ വിമര്‍ശനത്തെയും അദ്ദേഹം തള്ളി. കഴിഞ്ഞ ദിവസം ഗാന്ധി കുടുംബത്തിലെ ഒരാളെ അഴിമതിക്കാരനെന്ന് വിളിച്ചിരുന്നു. അവര്‍ ഇപ്പോള്‍ കരഞ്ഞ് കൊണ്ടിരിക്കുകയാണ്. ഇവര്‍ കൂടുതല്‍ കരയുമ്പോള്‍, പഴയ സത്യങ്ങള്‍ ഇന്നത്തെ തലമുറയ്ക്ക് ബോധ്യമാകും. 21ാം നൂറ്റാണ്ടിലെ യുവാക്കള്‍, കഴിഞ്ഞ നൂറ്റാണ്ടില്‍ നമ്മള്‍ കൊള്ളയടിക്കപ്പെട്ടത് അറിയണമെന്നും മോദി പറഞ്ഞു.

അതേസമയം തിരഞ്ഞെടുപ്പിന്റെ അടുത്ത ഘട്ടം മുതല്‍ രാജീവ് ഗാന്ധിയുടെ പേരില്‍ വോട്ട് ചോദിക്കാന്‍ കോണ്‍ഗ്രസിന് ധൈര്യമുണ്ടോയെന്നും മോദി ചോദിച്ചു. അദ്ദേഹം ബോഫോഴ്‌സ് അഴിമതിയില്‍ പങ്കുള്ളയാളാണ്. കോണ്‍ഗ്രസ് ഈ വെല്ലുവിളി ഏറ്റെടുക്കുമെന്നാണ് വിശ്വാസമെന്നും മോദി പറഞ്ഞു. ഇതിനെതിരെ രാഹുല്‍ ഗാന്ധി രംഗത്തെത്തിയിട്ടുണ്ട്. തനിക്ക് മോദിയോട് വെറുപ്പില്ലെന്ന് രാഹുല്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം മോദി ചെയ്തതിന്റെ കര്‍മഫലം അദ്ദേഹം അനുഭവിക്കുമെന്നായിരുന്നു രാഹുലിന്റെ മറുപടി. നേരത്തെ മോദി രാജീവിനെ കുറിച്ച് പറഞ്ഞ എല്ലാ കാര്യങ്ങളും ശരിയാണെന്ന് ബിജെപിയും പറഞ്ഞിരുന്നു. എന്നാല്‍ പ്രധാനമന്ത്രി തരംതാണെന്നായിരുന്നു പി ചിദംബരം പറഞ്ഞത്. കോണ്‍ഗ്രസ് നേതാക്കളെ തള്ളി അരുണ്‍ ജെയ്റ്റ്‌ലിയും രംഗത്തെത്തിയിരുന്നു.