യുവതിയെ ഫോണ്‍ ചെയ്തതിനു യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചു അവശനാക്കി

Breaking News Crime Kerala
കണ്ണൂര്‍: യുവതിയെ രാത്രികാലങ്ങളില്‍ ഫോണ്‍ ചെയ്തുവെന്നാരോപിച്ചു യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി ആള്‍പാര്‍പ്പില്ലാത്ത വീട്ടില്‍ കൊണ്ടുപോയി തല്ലിചതച്ച സംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍. യുവാവിനെ തറയില്‍ കിടത്തി പൊതിരെ മരകഷ്ണംകൊണ്ടും മറ്റുമാരകായുധങ്ങള്‍ ഉപയോഗിച്ചും സദാചാര ഗുണ്ടകളായി ചമച്ച സംഘം മര്‍ദിച്ചു അവശനാക്കുകയായിരുന്നു. ഇതിന്റെ ചിത്രം സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതോടെയാണ് പൊലിസ് നടപടിയാരംഭിച്ചത്.

നൂറില്‍ വി സാജിദി(27)നാണ് മര്‍ദനമേറ്റത്. ഇയാളെ ഏഴംഗ സംഘം വീട്ടില്‍ നിന്നും പിടിച്ചിറക്കി കൊണ്ടുപോവുകയായിരുന്നു. ഇതിനു നേതൃത്വം നല്‍കിയ അബ്ദുല്‍ സലാം(52) മുഹമദ് സക്കീര്‍(27) എന്നിവരെയാണ് ചക്കരക്കല്‍ എസ്. ഐ എം.കെ രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം അറസ്റ്റു ചെയ്തത്.ബാക്കിയുള്ള പ്രതികള്‍ക്കായി തെരച്ചില്‍ തുടരുകയാണ്.

കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം. മൂന്നംഗ സംഘം സാജിദിനെ വീട്ടില്‍നിന്ന് ബലമായി പിടികൂടി കാറില്‍ തട്ടികൊണ്ടുപോവുകയായിരുന്നു.രണ്ടു കിലോമീറ്റര്‍ അകലെയുള്ള വണ്ണാംകണ്ടി സലാമിന്റെ വീട്ടിലെത്തിച്ചതിനു ശേഷം ഇയാളെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചു. മരക്കഷണവും, ഇരുമ്പ് പൈപ്പും , ബെല്‍റ്റുമെല്ലാം ഉപയോഗിച്ച് തലങ്ങും വിലങ്ങും അടിക്കുകയായിരുന്നു. കാന്തപുരം എ.പി വിഭാഗം സുന്നി പ്രവര്‍ത്തകനാണ് വണ്ണാന്‍ കണ്ടി സലാമെന്നു പറയുന്നു.സക്കീര്‍,ഇര്‍ഷാദ്, ഷാമില്‍, അബ്ദുസലാം, റിഷാദ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു മര്‍ദ്ദനം മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാജിദിന്റെ ഭാര്യയുടെ മൊബൈല്‍ ഫോണിലേക്ക് അയച്ചുനല്‍കുകയും ചെയ്തു. തുടര്‍ന്ന് രാത്രി ഒന്‍പത് മണിയോടെ റോഡിലിറക്കി വിടുകയായിരുന്നു. എന്നാല്‍ യുവതിയെ അബദ്ധത്തില്‍ ഫോണ്‍ വിളിച്ചതാണെന്നാണ് സാജിദ് പറയുന്നത്. ഇരിവേരിപളളിയിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ വ്യക്തി വൈരാഗ്യവും മര്‍ദനത്തിന് കാരണമായെന്ന് സാജിദ് ആരോപിച്ചു. എസ്.കെ. എസ്. എസ്. എഫ് പ്രവര്‍ത്തകനാണ് സാജിദ്. നേരത്തെ ഇയാളുടെ വീടിന്റെ ജനല്‍ചില്ലുകള്‍ തകര്‍ക്കുകയും അക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തതായി പരാതിയുണ്ട്. ഇതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ അക്രമം. കേസിലെ മറ്റുപ്രതികള്‍ക്കായിചക്കരക്കല്‍ പൊലിസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.