2020ൽ തൃശൂരും പ്രതീക്ഷിക്കുന്നുണ്ട്

2020ൽ തൃശൂരും പ്രതീക്ഷിക്കുന്നുണ്ട്

തൃശൂർ: പുതുവർഷം എപ്പോഴും പ്രതീക്ഷകളുടേതാണ്. 2020ൽ തൃശൂരും പ്രതീക്ഷിക്കുന്നുണ്ട്: ജില്ലയുടെ മുഖച്ഛായ മാറ്റാൻ പോന്ന, വികസന വഴിയിൽ എഴുതിച്ചേർക്കാൻ പോന്ന പദ്ധതികൾ. നേരത്തെ പൂർത്തിയാകുമെന്നു പ്രതീക്ഷിച്ച് നിരാശ സമ്മാനിച്ചതാണു ചിലത്. സമയബന്ധിതമായി ഉടൻ പൂർത്തിയാകുമെന്നു പ്രതീക്ഷിക്കുന്നവയാണ് ബാക്കി ചിലത്. എന്തൊക്കെ പദ്ധതികളാണ് ഈ വർഷം നടപ്പിലാവുക.? പ്രതീക്ഷകളോടെ ഒരു തിരിഞ്ഞുനോട്ടം.

(മണ്ണുത്തി – വടക്കഞ്ചേരി ആറുവരിപ്പാത)
മണ്ണുത്തി – വടക്കഞ്ചേരി ആറുവരിപ്പാതയുടെ നിർമാണം ഫെബ്രുവരിയോടെ പുനരാരംഭിക്കുമെന്നാണു പ്രതീക്ഷ. പാത നിർമാണത്തോടൊപ്പം തുരങ്ക നിർമാണവും പുനരാരംഭിക്കും. കുതിരാനിലെ ഇരട്ടക്കുഴൽ തുരങ്ക പാതയിൽ ആദ്യ തുരങ്കം 90 ശതമാനവും രണ്ടാമത്തെ തുരങ്കം 60 ശതമാനവും പൂർത്തിയായി. ഒരു തുരങ്കമെങ്കിലും തുറന്നു കൊടുക്കുന്നതിനു പദ്ധതിയിട്ടെങ്കിലും സുരക്ഷാപ്രശ്നങ്ങൾ കാരണം തുറന്നു കൊടുക്കാനായില്ല.
തുരങ്കങ്ങളിലൊന്നു തുറക്കണമെങ്കിൽ കിഴക്കു ഭാഗത്തെ പാറക്കെട്ടുകൾ പൊളിച്ചു നീക്കണം. ഇതിനായി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിൽ നിന്ന് അനുമതി ലഭിക്കണം. അനുമതിക്കുള്ള അപേക്ഷ വനം മന്ത്രാലയത്തിന്റെ ബെംഗളൂരുവിലെ പ്രാദേശിക കേന്ദ്രത്തിലെത്തിയിട്ടുണ്ട്. അനുമതി ലഭിക്കുകയും ദേശീയപാത നിർമാണം പുനരാരംഭിക്കുകയും ചെയ്താൽ പാറക്കെട്ടുകൾ പൊളിച്ചു നീക്കാം. അഗ്നി സുരക്ഷയ്ക്കുള്ള ടാങ്ക്, കിണർ എന്നിവയുടെ ജോലികളും പൂർത്തിയാക്കണം. ആദ്യ തുരങ്കം തുറന്നു നൽകിയതിനു ശേഷമേ രണ്ടാമത്തെ തുരങ്കത്തിന്റെ നിർമാണജോലികൾ ആരംഭിക്കാനാവൂ.

(ചാലക്കുടിയിൽ അടിപ്പാത)
ചാലക്കുടിക്കാരുടെ പ്രതീക്ഷകളിലൊന്നാണു ദേശീയപാതയിൽ നഗരസഭ ജംക്‌ഷനു സമീപം നിർമാണം ആരംഭിച്ച അടിപ്പാത. പതിറ്റാണ്ടിലേറെ നീണ്ട കാത്തിരിപ്പിനു 2020ൽ വിരാമമാകുമോ? നഗരസഭാ ജംക്‌ഷനു സമീപം അടിപ്പാത നിർമാണത്തിനായി ദേശീയപാതയുടെ ഒരു ഭാഗം കുഴിച്ചിട്ടിരിക്കുന്നതിനാൽ ചാലക്കുടി ഗതാഗതക്കുരുക്കിലായിട്ടു കാലമേറെയായി.
നഗരസഭാ ജംക്‌ഷനിലെ സിഗ്‌നലിന് ഇരുവശത്തുമായി കിലോമീറ്ററോളം വാഹനങ്ങൾ കുരുക്കിൽപ്പെട്ടു കിടക്കുന്ന അവസ്ഥയാണിപ്പോൾ. നിർമാണം പൂർത്തിയായാൽ ഗതാഗതം സുഗമമാകും.അടിപ്പാതയുടെ നിർമാണം തടസ്സപ്പെടാൻ കാരണം പുതുക്കിയ രൂപരേഖയ്ക്കും എസ്റ്റിമേറ്റിനും ദേശീയപാത അതോറിറ്റിയുടെ അനുമതി ലഭിക്കാത്തതാണെന്ന് അതോറിറ്റി ഉദ്യോഗസ്ഥർ വ്യക്തമാക്കി.

(പുത്തൂർ സുവോളജിക്കൽ പാർക്ക്)
പുത്തൂർ സുവോളജിക്കൽ പാർക്കിനായി 3 പതിറ്റാണ്ടുകളായുള്ള തൃശൂർ ജനതയുടെ കാത്തിരിപ്പിന് 2020ൽ എങ്കിലും അവസാനമാകുമെന്നാണ് പ്രതീക്ഷ. ഇപ്പോൾ നടന്നുവരുന്ന നിർമാണ പ്രവർത്തനങ്ങൾ സൂചിപ്പിക്കുന്നത് 2020 മേയിൽ ആദ്യ ഘട്ടം പൂർത്തീകരിക്കുമെന്നാണ്. നവംബറിൽ 3 ഘട്ടവും പൂർത്തിയാകുമെന്ന സർക്കാർ വാഗ്ദാനം നടപ്പായാൽ ഏഷ്യയിലെ ഏറ്റവും മികച്ച സുവോളജിക്കൽ പാർക്കുകളിൽ ഒന്ന് തൃശൂരിലാവും.
വന്യജീവികളെ ചികിത്സിക്കുന്നതിനുള്ള ആശുപത്രിയും പാർക്കിങ് സ്ഥലവും വാഹനത്തിൽ പോയി തന്നെ മുഴുവൻ ജീവികളെയും കാണാവുന്ന വിധത്തിൽ റോഡും ട്രാം വേ സർവീസും വന്യജീവികൾക്കു വെള്ളം ശേഖരിക്കുന്നതിനുള്ള സംഭരണിയും ഇവിടെ ഉണ്ടാവും.പാർക്കിലെ 336 ഏക്കറിൽ 45 ഏക്കർ മാത്രമാണു മൃഗശാലയ്ക്കായി ഉപയോഗപ്പെടുത്തുന്നത്. ബാക്കി ഭാഗം വനത്തിന്റെ പ്രത്യേകതകളോടെ തന്നെ പരിപാലിക്കും. പാർക്കിനു വേണ്ട മുഴുവൻ ചെലവും കിഫ്ബിയിൽ നിന്ന് അനുവദിക്കാൻ തീരുമാനിച്ചതാണ് പ്രതീക്ഷയ്ക്കു ബലം പകരുന്നത്. 3 ഘട്ടങ്ങളിലായി 350 കോടി രൂപ ചെലവിട്ടാണ് നിർമാണം പൂർത്തിയാക്കുക.

See also  സംസ്ഥാനത്ത് കുതിച്ചുയർന്ന് ഇന്ധനവില

(ഗുരുവായൂരിൽ പാർക്കിങ് സമുച്ചയം)
വാഹനങ്ങൾ പാർക്ക് ചെയ്യാൻ സ്ഥലമില്ലാതെ ശ്വാസം മുട്ടുന്ന ഗുരുവായൂരിന് 2020ൽ ആശ്വാസമാകുമോ? കേന്ദ്രസർക്കാരിന്റെ പ്രസാദ്, അമൃത് പദ്ധതികളിൽ 2 വലിയ ബഹുനില പാർക്കിങ് സമുച്ചയങ്ങളുടെ പണി പുരോഗമിക്കുകയാണ്. തെക്കേ നടയിൽ ദേവസ്വത്തിന്റെ വേണുഗോപാൽ പാർക്കിങ് ഗ്രൗണ്ടിൽ പ്രസാദ് പദ്ധതിയിൽ 23.50 കോടി രൂപ ചെലവിൽ ബഹുനില പാർക്കിങ് സമുച്ചയത്തിന്റെ കെട്ടിടം ജനുവരി 31ന് മുൻപ് പൂർത്തിയാക്കും.
മാർച്ച് 31ന് മുൻപ് എല്ലാ പണികളും പൂർത്തിയാക്കി കമ്മിഷൻ ചെയ്യും. റാംപിലൂടെ വാഹനങ്ങൾ മുകൾ നിലയിലേക്ക് ഓടിച്ചു കയറ്റാവുന്ന സംവിധാനമാണുള്ളത്. 350 കാറുകൾക്കും 10 ബസുകൾക്കും ഇരുനൂറോളം ബൈക്കുകൾക്കും പാർക്ക് ചെയ്യാം. ശുചിമുറികളും ലിഫ്റ്റ് സൗകര്യവുമുണ്ട്.നഗരസഭയുടെ ആന്ധ്രാ പാർക്കിൽ അമൃത് പദ്ധതിയിൽ 25 കോടിയോളം രൂപ ചെലവിൽ നിർമിക്കുന്ന ബഹുനില പാർക്കിങ് സമുച്ചയം ഒക്ടോബർ 31ന് മുൻപ് പൂർത്തിയാക്കും.

(വടക്കേ സ്റ്റാൻഡ് ഹബ്)
ജില്ലാ ആസ്ഥാനത്തിന്റെ മുഖച്ഛായ തന്നെ മാറ്റുന്നതാവും പുതിയ വടക്കേ ബസ് സ്റ്റാൻഡ് ഹബ്. രാജ്യാന്തര നിലവാരത്തിലുള്ള ബസ് സ്റ്റാൻഡായിരിക്കും ഇതെന്നാണ് പ്രതീക്ഷ.6 കോടി രൂപ ചെലവിൽ സൗത്ത് ഇന്ത്യൻ ബാങ്കാണു വടക്കേ ബസ് സ്റ്റാൻഡ് പുതുക്കുന്നത്. ജനുവരിയിൽ ഹബ് പ്രവർത്തനം ആരംഭിക്കും എന്നാണു കരുതുന്നത്.
മഴ നനയാതെ ബസ് കയറാനും ഇറങ്ങാനും പറ്റുന്ന തരത്തിലുള്ള മേൽക്കൂര, റിസർവേഷൻ–ഇൻഫർമേഷൻ കൗണ്ടറുകൾ, മികച്ച നിലവാരത്തിലുള്ള ഭക്ഷണശാലകൾ, വിശ്രമമുറികൾ, ശുചിമുറികൾ, പ്രത്യേക സെക്യൂരിറ്റി സംവിധാനം എന്നിവ ഇതിലുണ്ടാകും. ശുചിമുറികൾ തുടർച്ചയായി വൃത്തിയാക്കുന്നതു പോലുള്ള സംവിധാനവും ഏർപ്പെടുത്തും.പതിവു സർക്കാർ പദ്ധതികൾ പോലെ കൈമാറ്റത്തിനു ശേഷം പരിപാലിക്കാതെ ബസ് ഹബ് നശിച്ചു പോവില്ലെന്നാണു പ്രതീക്ഷ.

(കുന്നംകുളത്ത് ബസ് ടെർമിനൽ)
പുതിയ വർഷത്തിൽ കുന്നംകുളം കാത്തിരിക്കുന്ന പ്രധാന വികസന പദ്ധതികളിൽ ഒന്നാണ് ഹെർബർട്ട് റോഡിൽ ഉയരുന്ന ബസ് ടെർമിനൽ കം ഷോപ്പിങ് കോംപ്ലക്സ്. 3 മാസത്തിനകം ഇതിന്റെ നിർമാണം പൂർത്തിയാകുമെന്നാണു പ്രതീക്ഷ. മന്ത്രി എ.സി.മൊയ്തീന്റെ പ്രാദേശിക വികസന ഫണ്ടും നഗരസഭ വായ്പയെടുത്ത തുകയും ചേർത്ത് 13 കോടി രൂപയിലധികം ചെലവിട്ടാണു നിർമാണം. പുതുതായി രൂപീകരിക്കപ്പെട്ട കുന്നംകുളം താലൂക്കിൽ സിവിൽ സപ്ലൈ, ആർടിഒ തുടങ്ങിയ പ്രധാന ഓഫിസുകൾ ഇനിയും ആരംഭിച്ചിട്ടില്ല. താലൂക്കിന്റെ ആസ്ഥാന മന്ദിരം, പട്ടണം വികസനം, റിങ് റോഡ് തുടങ്ങിയ പദ്ധതികൾ പ്രതീക്ഷയാണ്.

Top News