കുന്നംകുളം: മലങ്കര ഓർത്തഡോക്സ് സഭയ്‌ക്കു കീഴിലെ പള്ളി അൾത്താരയിൽ ശുശ്രൂഷകനായെത്തിയ 11 വയസ്സുകാരനെ പള്ളിവികാരിയും കൈകാര്യസ്ഥനും ചേർന്ന് മർദിച്ചവശനാക്കിയതായി പരാതി. കുന്നംകുളം ഭദ്രാസനത്തിനു കീഴിലെ സെന്റ് തോമസ് കിഴക്കേ പുത്തൻപള്ളി ഇടവകാംഗം ചുങ്കത്ത് ബ്രിജി – –-റെജി ദമ്പതികളുടെ മകൻ ബ്രിനിത്ത് സി ബ്രിജിയെയാണ് ക്രൂരമർദനത്തിനിരയായി ഛർദിയും മൂത്രതടസ്സവും നേരിട്ടതിനെത്തുടർന്ന് കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുട്ടിയുടെ കുടുംബത്തിന് ആത്മീയ വിലക്ക് ഭീഷണി യുമുണ്ട്. ഞായർ രാവിലെ ഏഴിനാണ് പള്ളി മദ്ഹബയിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയത്.
ശുശ്രൂഷകനായെത്തിയ ബ്രനിത്തിനെ വികാരി ടി സി ജേക്കബ്, കൈകാര്യസ്ഥന്മാരായ അഡ്വ. പ്രിനു പി വർക്കി, മാണി ജേക്കബ് എന്നിവർ ചേർന്ന് മദ്ഹബയിൽ കയറുന്നത് വിലക്കുകയായിരുന്നു. ഇതിനെ ചോദ്യം ചെയ്ത കുട്ടിയെ മർദിച്ചവശനാക്കുകയും പൊലീസിനെ വിളിച്ചു വരുത്തി പള്ളിക്കു പുറത്താക്കുകയും ചെയ്തു. പത്തു വർഷത്തിലേറെയായി നില നിൽക്കുന്നതാണ് ഈ കുടുംബുമായുള്ള പ്രശ്നം. പള്ളി വളപ്പിൽ ചട്ടം പാലിക്കാതെ 5000 ചതുര ശ്ര അടി വിസ്തീർണമുള്ള കെട്ടിടം നിർമിച്ചതിന്റെ കണക്ക് ചോദിച്ചതാണ് ഈ കുടുംബത്തിനെതിരായ വൈരാഗ്യത്തിന് കാരണമെന്ന് ബ്രിനിത്തിന്റെ സഹോദരി ബ്രഫിയ പറഞ്ഞു.
ഒരു കോടി രൂപയോളം പിരിച്ചാണ് കെട്ടിടം നിർമിച്ചത്. കെട്ടിടം പെട്ടെന്ന് ദുർബലമായി. സാമ്പത്തിക ക്രമക്കേടുകൾ ആരാഞ്ഞതാണ് വിലക്കു ഭീഷണിക്ക് കാരണം. പള്ളിയെ അപകീർത്തിപ്പെടുത്തിയെന്നും യോഗം നടത്തിയെന്നും പറഞ്ഞ് തന്റെ കുടുംബത്തിന് മൃതദേഹ സംസ്കാരം, വിവാഹം, മാമോദീസ, കുമ്പസാരം, കുർബാന, അന്ത്യകൂദാശയായ തൈലാഭിഷേകം തുടങ്ങിയവ നടത്തിക്കൊടുക്കരുതെന്നാണ് പൊതുയോഗം ചേർന്ന് തീരുമാനിച്ചത്. ഭദ്രാസനാധിപന്റെ കൽപ്പനയുണ്ടെങ്കിൽ മാത്രമേ ഇതെല്ലാം നടത്താവൂ എന്നും തീരുമാനിച്ചിട്ടുണ്ട്.
പള്ളി ഭാരവാഹികളിൽനിന്നും നേരിടുന്ന മാനസിക പീഡനവും പള്ളിയിലെ ക്രമക്കേടുകളുമായും ബന്ധപ്പെട്ട് ശിശുക്ഷേമ സമിതി, കുന്നംകുളം പൊലീസ്, വിജിലൻസ് തുടങ്ങിയവർക്കെല്ലാം പരാതി നൽകിയിട്ടുണ്ട്. ഇതിനിടെയാണ് പള്ളിയിൽ കുട്ടിക്കുനേരെയുണ്ടായ കൈയേറ്റം.