തൃശൂർ : മൃഗസംരക്ഷണ മേഖലയിൽ ജില്ലാതലത്തിൽ മികച്ച കർഷകരായി തെരഞ്ഞെടുക്കപ്പെട്ടവരെ ആദരിച്ചു. 2021–- -22ൽ ജില്ലയിലെ മികച്ച ക്ഷീരകർഷകനായ കെ എസ് സജീഷ്, സമ്മിശ്ര കർഷകൻ മാത്യൂസ് വർഗീസ്, മൃഗക്ഷേമ പ്രവർത്തക എം എസ് സുനിത എന്നിവർ പുരസ്‌കാരം ഏറ്റുവാങ്ങി. ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് ഉദ്‌ഘാടനം ചെയ്‌തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ എസ് ജയ അധ്യക്ഷയായി. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഒ ജി സുരജ, പ്രൊഫ. എം ടി ദീപു, കെ ടി അഗസ്റ്റിൻ, ഡോ. ഫ്രാൻസിസ് ബാസ്റ്റിൻ, ഡോ. എ വി ഷിബു എന്നിവർ സംസാരിച്ചു.
മികച്ച ക്ഷീരകർഷനായ കെ എസ് സജീഷ് എംബിഎ ബിരുദധാരിയാണ്. വെങ്ങിണിശേരിയിൽ ഏഴ് ഏക്കറിലാണ് സജീഷിന്റെ ഫാം. വിവിധയിനം കറവപ്പശുക്കൾ, പോത്ത്, കോഴി, താറാവ് എന്നിവയെ ഫാമിൽ വളർത്തുന്നു. നെയ്യ്, തൈര്, മോര് എന്നിവയുടെ വിൽപ്പനയും നടത്തുന്നുണ്ട്. ഏകദേശം ഒന്നര ലക്ഷം രൂപയാണ് പ്രതിമാസ ലാഭം.
മികച്ച സമ്മിശ്ര കർഷകനായ തൃക്കൂർ സ്വദേശി മാത്യൂസ് വർഗീസ് 2020ലാണ് ആറ് ഏക്കറിൽ ഫാം ആരംഭിച്ചത്. 15 കറവപ്പശുക്കൾ, 25 ആട്, 300 കോഴികൾ എന്നിവയടങ്ങിയതാണ് ഫാം. പാൽ, മുട്ട, കോഴിക്കുഞ്ഞുങ്ങൾ എന്നിവയുടെ വിൽപ്പനയിലൂടെ പ്രതിമാസം ഒന്നര ലക്ഷം രൂപ മാത്യൂസ് കണ്ടെത്തുന്നു. ബിആർക്ക് ബിരുദധാരിയാണ് മാത്യൂസ് വർഗീസ്.തളിക്കുളം സ്വദേശി എം എസ് സുനിത മികച്ച മൃഗക്ഷേമ പ്രവർത്തകയായാണ് തെരഞ്ഞെടുക്കപ്പെട്ടത്. എട്ടുവർഷമായി തെരുവുമൃഗങ്ങളെ സുനിത സംരക്ഷിച്ചുപോരുന്നു.