തൃശൂർ: ആറാട്ടുപുഴയിൽ വിവാഹത്തിന് പോയ ആറംഗ കുടുംബം സഞ്ചരിച്ച കാർ പുഴയിലേക്ക് മറിഞ്ഞ് മൂന്നുപേർ മരിച്ചു.ഒല്ലൂർ ചീരാച്ചി സ്വദേശികളായ രാജേന്ദ്ര ബാബു (66) , ഭാര്യ സന്ധ്യ, കൊച്ചുമകൻ സമർഥ് (6) എന്നിവരാണ് മരിച്ചത്.മറ്റുള്ളവർക്ക് പരിക്കേറ്റിട്ടില്ല എന്നാണ് റിപ്പോർട്ട്. കാർ പുഴയിലേക്ക് മറിയുന്നത് കണ്ട് ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്.
കാറിലുണ്ടായിരുന്നവരെ ഉടൻതന്നെ നാട്ടുകാർ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മൂന്നുപേരും അല്പസമയത്തിനകം മരിക്കുകയായിരുന്നു. അടിപ്പാതയ്ക്ക് സംരക്ഷണഭിത്തിയില്ലാതിരുന്നതാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാർ പറയുന്നു.ചെറുറോഡിലൂടെ റിസോർട്ടിലേക്ക് വരുന്നതിനിടെ എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനായി കാർ പിന്നോട്ട് എടുക്കുന്നതിനിടെ പുഴയിലേക്ക് മറിയുകയായിരുന്നു. ഇന്ന് ഉച്ചയോടെ ആറാട്ടുപുഴ പാലത്തിന് അടിയിലെ ചെറുറോഡിലാണ് അപകടം ഉണ്ടായത്. ചീരാറ്റി സ്വദേശികളായ ആറംഗ സംഘം ആറാട്ടുപുഴയിലെ റിസോർട്ടിൽ നടക്കുന്ന വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയതാണ്.