നിപ: ജാഗ്രതയോടെ കേരളം, ഉറവിടം തേടി ആരോഗ്യവകുപ്പ്

Breaking News Featured

കൊച്ചി: സംസ്ഥാനത്ത് നിപ ബാധ വീണ്ടും സ്ഥിരീകരിച്ച സാഹചര്യത്തിൽ വൈറസിൻ്റെ ഉറവിടം തേടി ആരോഗ്യവകുപ്പ്. നിപ വൈറസ് എങ്ങനെയാണ് മനുഷ്യനിലേക്ക് എത്തിയത് എന്നതിലാണ് അവ്യക്തത തുടരുന്നത്. എന്നാൽ വവ്വാലുകള്‍ തന്നെയാണ് നിപ വൈറസിൻ്റെ വാഹകരെന്നാണ് കണ്ടെത്തൽ. ഇവയുമായുള്ള ഇടപെടലിലൂടെയാണ് വൈറസ് മനുഷ്യരിലേക്ക് എത്തുന്നത്. ഇതുമായി ബന്ധപ്പെട്ട പഠനങ്ങള്‍ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡമോളജിൽ പുരോഗമിക്കുകയാണ്.

നിലവിൽ രോഗബാധിതനായ വിദ്യാര്‍ത്ഥി താമസിച്ച തൊടുപുഴ, തൃശൂര്‍, പറവൂര്‍ എന്നിവിടങ്ങളിൽ കേന്ദ്രീകരിച്ചാണ് നിരീക്ഷണങ്ങള്‍ തുടരുന്നത്. നിപയുടെ പ്രഭവ കേന്ദ്രം കണ്ടെത്താൻ ടാസ്ക് ഫോഴ്‍സിനെയും രൂപികരിച്ചിട്ടുണ്ട്. വവ്വാലുകളെ നിരീക്ഷിച്ചും, സ്രവങ്ങള്‍ പരിശോധിച്ചും ടാസ്ക് ഫോഴ്സ് പരിശോധന നടത്തും. മൃഗസംരക്ഷണ വകുപ്പിലെയും ആരോഗ്യ വകുപ്പിലെയും ഉന്നതതല സംഘത്തെ പരിശോധനയ്ക്ക് ഇന്ന് നിയോഗിക്കും. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ഉദ്യോഗസ്ഥരും കേരളത്തിൽ എത്തും. ഇവരെ സഹായിക്കാൻ വനംവന്യജീവി മന്ത്രാലയം ഡയറക്ടര്‍ ജനറലുടെ സഹായ കേന്ദ്ര ആരോഗ്യ മന്ത്രാലയം തേടിയിട്ടുണ്ട്.

അതേസമയം ചികിത്സയ്ക്കായി ഓസ്ട്രേലിയയിൽ നിന്നുള്ള പ്രത്യേക മരുന്ന് കൊച്ചിയിൽ എത്തിച്ചു. മുൻപ് കോഴിക്കോട് ഉപയോഗിച്ച ഹ്യൂമൻ മോണോക്ലോണൽ ആൻ്റിബോഡി എന്ന മരുന്നാണ് എത്തിച്ചിരിക്കുന്നത്. ഇതിനുള്ള അനുമതി നേരത്തെ കേന്ദ്ര സര്‍ക്കാരിൽ നിന്ന് ലഭിച്ചിരുന്നു.

കളമശേരി മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാര്‍ഡിൽ കഴിയുന്ന അഞ്ച് പേരുടെ രക്ത സാംപിളുകള്‍ ഇന്ന് പരിശോധനക്ക് അയച്ചു. രോഗബാധിതനായ വിദ്യാര്‍ത്ഥിയെ പരിചരിച്ച മൂന്ന് പേര്‍, വിദ്യാര്‍ത്ഥിയുടെ സഹപാഠി, ഇവരുമായി ബന്ധമില്ലാത്ത ചാലക്കുടി സ്വദേശി എന്നിവരുടെ സാംപിളുകളാണ് അയച്ചത്. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്, മണിപ്പാൽ ആശുപത്രി, ആലപ്പുഴ വൈറോളജി ലാബ് എന്നിവിടങ്ങളിലേക്കാണ് സാംപിളുകള്‍ അയച്ചരിക്കുന്നത്. ഇതിൻ്റെ പരിശോധനാഫലം രണ്ട് ദിവസത്തിനകം ലഭിക്കും.

READ  വോട്ടിങ് യന്ത്രം അട്ടിമറി ആരോപണങ്ങൾ തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ