വാഹനപരിശോധന: ആറ് ദിവസത്തിനിടെ ഈടാക്കിയത് 36.34 ലക്ഷം രൂപ പിഴ

Kerala Top News

തിരുവനന്തപുരം: ഹെൽമെറ്റ്, സീറ്റ്ബെൽറ്റ് ഉപയോഗം കർശനമാക്കിക്കൊണ്ടുള്ള വാഹനപരിശോധന ആറു ദിവസത്തിനിടെ പിഴയായി ഈടാക്കിയത് 36.34 ലക്ഷം രൂപ. മോട്ടോർവാഹന വകുപ്പിന്റെ വിവിധ സ്ക്വാഡുകളാണ് പരിശോധന നടത്തിയത്. കഴിഞ്ഞ രണ്ടിന് ആരംഭിച്ച പരിശോധനയിൽ ശനിയാഴ്ച വരെ 5192 പേരെ ഹെൽമെറ്റ് ധരിക്കാത്തതിനു പിടികൂടി. ഇതിൽ 2586 പേർ പിൻസീറ്റിൽ ഇരുന്നവരാണ്. ഹെൽമെറ്റ് ധരിക്കാതെ വാഹനമോടിച്ച 2611 പേരും 500 രൂപ വീതം പിഴ നൽകി. സീറ്റ് ബെൽറ്റ് ഉപയോഗിക്കാത്തതിന് 901 പേരും പിടിയിലായി. 80 ടൂറിസ്റ്റ് ബസുകൾക്കെതിരേ നടപടിയെടുത്തു. കേന്ദ്രനിയമത്തിൽനിന്നു വ്യത്യസ്തമായി പിഴത്തുക കുറച്ച സംസ്ഥാനത്തിന്റെ നടപടി നിയമപരമായി നിലനിൽക്കുമെന്ന നിഗമനത്തിലാണ് ഗതാഗതവകുപ്പ്. ഇതു നിയമവിരുദ്ധമാണെന്ന വിധത്തിൽ അറ്റോർണി ജനറൽ നൽകിയ നിയമോപദേശം സംസ്ഥാനത്തിന്റെ നടപടിയെ ബാധിക്കില്ലെന്നാണ് നിഗമനം. പിഴ സ്വീകരിച്ച് കുറ്റം തീർപ്പുകല്പിക്കാനുള്ള കോമ്പൗണ്ടിങ്ങ് അധികാരമാണ് സംസ്ഥാനം വിനിയോഗിച്ചത്. ഇതിൽ തെറ്റില്ലെന്ന നിയമോപദേശമാണ് ലഭിച്ചിട്ടുള്ളത്. അറ്റോർണി ജനറലിന്റെ നിയമോപദേശം ഗുജറാത്ത് സർക്കാരിന്റെ നടപടിയെക്കുറിച്ചുള്ളതാണെന്ന നിഗമനത്തിലാണ് ഗതാഗതവകുപ്പ്. പിഴത്തുക കുറച്ച് വിജ്ഞാപനം ഇറക്കിയതിനു ശേഷം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിൽനിന്ന് പ്രത്യേകിച്ചു നിർദേശങ്ങൾ ലഭിച്ചിട്ടില്ലെന്നും അധികൃതർ പറഞ്ഞു.

READ  ഒത്തുതീര്‍പ്പായിട്ടില്ല, കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമെന്ന് ഇടവേള ബാബു