ഇന്നലെ രണ്ട്, ഇന്ന് രണ്ട്; മരടിലെ അവശേഷിക്കുന്ന ഫ്‌ളാറ്റുകളും ഫ്‌ളാറ്റാകാന്‍ മണിക്കൂറുകള്‍ മാത്രം

ഇന്നലെ രണ്ട്, ഇന്ന് രണ്ട്; മരടിലെ അവശേഷിക്കുന്ന ഫ്‌ളാറ്റുകളും ഫ്‌ളാറ്റാകാന്‍ മണിക്കൂറുകള്‍ മാത്രം

Advertisements
Advertisements

കൊച്ചി: മരടിലെ രണ്ട് ഫ്ളാറ്റുകളും നിശ്ചയിച്ചതുപോലെ കൂമ്പാരമായി. ഇനി സമാന വിധി ഞായറാഴ്ച ഏറ്റുവാങ്ങാനൊരുങ്ങുകയാണ് മരടിലെ മറ്റ് രണ്ട് ഫ്ളാറ്റുകൾ കൂടി. ജെയ്ൻ കോറൽകോവ്, ഗോൾഡൻ കായലോരം എന്നീ ഫ്ളാറ്റ് സമുച്ചയങ്ങളാണ് ഞായറാഴ്ച നിയന്ത്രിത സ്ഫോടനത്തിൽ കൂടി തകർക്കുക. രണ്ട് ഫ്ളാറ്റ് സമുച്ചയങ്ങളും 17 നില കെട്ടിടങ്ങളാണ്. ശനിയാഴ്ച നിശ്ചയിച്ചതിൽ നിന്നും മിനിറ്റുകൾ വൈകിയാണ് ഹോളിഫെയ്ത്ത് എച്ച്.ടു.ഒ ഫ്ളാറ്റിൽ സ്ഫോടനം നടത്തിയത്. 11 ന്നിശ്ചയിച്ച സ്ഫോടനം സുരക്ഷാ അവലോകനങ്ങൾക്ക് ശേഷം 11.17ന് പൂർത്തിയാക്കി. പിന്നാലെ 11.44ന് 16 നിലകൾ വീതമുള്ള ആൽഫ സെരീൻ എന്ന ഫ്ളാറ്റ് സമുച്ചയവും നിശ്ചയിച്ചതു പോലെ കോൺക്രീറ്റ് കൂമ്പാരമായി നിലംപതിച്ചു. ഞായറാഴ്ച ആദ്യം തകർക്കുക ജെയ്ൻ കോറൽകോവാണ്. പകൽ 11മണിക്കാണ് കെട്ടിടം പൊളിക്കാൻ നിശ്ചിച്ചിരിക്കുന്നത്. അതിന് ശേഷം ഉച്ചയ്ക്ക് രണ്ടുമണിയോടെ ഗോൾഡൻ കായലോരവും നിയന്ത്രിത സ്ഫോടനത്തിലൂടെ തകർക്കും.ആശങ്കപ്പെട്ടതുപോലെ അപകടങ്ങളില്ലാതെ ആദ്യ രണ്ട് ഫ്ളാറ്റ് സമുച്ചയങ്ങളും തകർക്കാൻ സാധിച്ചതോടെ ഞായറാഴ്ചത്തെ നടപടിയിലും അധികൃതർ ആത്മവിശ്വാസത്തിലാണ്. രാവിലെ എഴുമണിയോടുകൂടി ജെയ്ൻ കോറൽകോവിന്റെ സമീപത്തുള്ള ആളുകളോട് അവിടെനിന്ന് മാറാൻ അധികൃതർ നിർദ്ദേശിക്കും. കെട്ടിടങ്ങൾ തകർത്തതിന് ശേഷം ഉച്ചകഴിഞ്ഞ് മാത്രമേ ഇവരെ തിരികെ പ്രവേശിക്കാൻ അനുവദിക്കു. ശനിയാഴ്ച പൊളിച്ച ഫ്ളാറ്റുകളുടെ സമീപത്ത് നിരവധി ആളുകൾ താമസിച്ചിരുന്നു. എന്നാൽ ഇനി പൊളിക്കുന്ന ഫ്ളാറ്റുകളുടെ സമീപം കാര്യമായി ആളുകൾ താമസിക്കുന്നില്ല. 10.30 ന് ആദ്യ സൈറൺ മുഴങ്ങും. 10.55ന് രണ്ടാമത്തെ സൈറണും 10.59ന് മൂന്നാമത്തെ സൈറണും മുഴങ്ങും. മൂന്നാമത്തെ സൈറൺ മുഴങ്ങുന്നതോടെ ജെയ്ൻ കോറൽകോവ് തകർന്ന് തരിപ്പണമാകും. ജെയ്ൻ കോറൽ കോവിനെ ഒരു സ്ഥലത്തേക്ക് ചെരിച്ച് വീഴ്ത്തുന്ന രീതിയിലാകും സ്ഫോടനം നടത്തുക. രണ്ടുമണിക്കാണ് ഗോൾഡൻ കായലോരം പൊളിക്കുക. ഈ കെട്ടിടത്തെ രണ്ടായി പിളർന്നുകൊണ്ട് പൊളിക്കുന്ന വിധമാകും സ്ഫോടനം നടത്തുക. ഈ വിധമാണ് അതിൽ സ്ഫോടക വസ്തുക്കൾ ക്രമീകരിച്ചിരിക്കുന്നത്. ഇതിന് സമീപം പണി പൂർത്തിയായ അപ്പാർട്ട്മെന്റ് സമുച്ചയവും ഒരു അംഗനവാടിയുമുണ്ട്. ഇവയ്ക്ക് പ്രശ്നങ്ങളുണ്ടാകാതെ അവശിഷ്ടങ്ങൾകായലിലേക്ക് വീഴാത്ത വിധമാണ് എല്ലാം ആസൂത്രണം ചെയ്തിരിക്കുന്നത്. കെട്ടിടങ്ങൾ തകർക്കുന്നതുമായി ബന്ധപ്പെട്ട് ദേശീയ പാതയിലടക്കം വാഹന ക്രമീകരണങ്ങൾ ഉണ്ടാകും.

Advertisements
Kerala Top News