തൃശൂർ : ആരോഗ്യപ്രവർത്തകർക്കുനേരെയുള്ള ആക്രമണങ്ങൾക്കെതിരെ സംസ്ഥാന വ്യാപകമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നടത്തിയ സമരത്തിന്റെ ഭാഗമായി ജില്ലയിലെ സർക്കാർ–- സ്വകാര്യ മേഖലകളിലെ ഡോക്ടർമാർ ഒപി ബഹിഷ്കരിച്ച് 12 മണിക്കൂർ പണിമുടക്കി. ഇതോടെ ആശുപത്രികളുടെ പ്രവർത്തനം താളംതെറ്റി.
മുൻകൂട്ടി പ്രഖ്യാപിച്ച പണിമുടക്കായതിനാൽ അത്യാവശ്യരോഗികൾ മാത്രമേ ആശുപത്രികളിൽ എത്തിയിരുന്നുള്ളൂ. ശസ്‌ത്രക്രിയാ വിഭാഗവും അത്യാഹിത വിഭാഗവും മിക്ക ആശുപത്രികളിലും പ്രവർത്തിച്ചു. പണിമുടക്ക് അറിയാതെ, ഒപിയിലെത്തിയ നിരവധിപേർ ചികിത്സ ലഭിക്കാതെ മടങ്ങിപ്പോയി.
ഡോക്ടർമാരുടെ പ്രതിഷേധമാർച്ച് ജൂബിലി മിഷൻ മെഡിക്കൽ കോളേജിൽനിന്ന് ആരംഭിച്ച് തേക്കിൻകാട് മൈതാനിയിൽ സമാപിച്ചു. തുടർന്ന് ചേർന്ന പൊതുസമ്മേളനം ഐഎംഎ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ജോസൺ വർഗീസ് ഉദ്ഘാടനം ചെയ്തു. ഡോ. ശോഭന മോഹൻദാസ് അധ്യക്ഷയായി.
ഐഎംഎ ജില്ലാ ചെയർപേഴ്സൺ ഡോ. മോളി ബേബി, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഡോ. പി ഗോപികുമാർ, ഡോ. ജയിൻ ചിമ്മൻ, സംസ്ഥാന കൺവീനർ ഡോ. പവൻ മധുസൂദനൻ, ഡോ. ദേവദാസ്, ജൂബിലി മിഷൻ മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ഗിൽവാസ്, ഐഎംഎ തൃശൂർ വൈസ് പ്രസിഡന്റ് ഡോ. ശർമിള, സെക്രട്ടറി ഡോ. ജോസഫ് ജോർജ്, ദന്തൽ അസോസിയേഷൻ ഭാരവാഹികളായ ഡോ. ജിയോ ഫ്രാൻസിസ്, ഡോ. സുരേഷ് കുമാർ, ഡോ. ബൈജു (കെജിഎംസിടിഎ), ഡോ. അസീന (കെജിഎംഒഎ), ഡോ. ബിന്ദു (ഇൻഷുറൻസ് മെഡിക്കൽ ഓഫീസേഴ്‌സ്) എന്നിവർ സംസാരിച്ചു.