റിപ്പബ്ലിക് ദിന ആഘോഷങ്ങൾക്ക് രാജ്യം ഒരുങ്ങുകയാണ്. പരേഡ് കാണുവാനും ആഘോഷങ്ങിൽ പങ്കെടുക്കുവാനും നിരവധി ആളുകൾ ഡൽഹിയിലേക്ക് യാത്ര ചെയ്യുന്ന സമയം കൂടിയാണിത്. നീണ്ട ഒരു വാരാന്ത്യം തന്നെ കയ്യിലുള്ളതിനാൽ ഡല്‍ഹി യാത്ര റിപ്പബ്ലിക് ദിന കാഴ്ചകളിൽ മാത്രം ഉള്‍പ്പെടുത്താതെ എന്നും ഓർമ്മിക്കുവാൻ സാധിക്കുന്ന തരത്തിൽ ഒരു നീണ്ടയാത്രയാക്കാം.
റിപ്പബ്ലിക് ദിനവും നീണ്ട വാരാന്ത്യവും
2023 റിപ്പബ്ലിക് ദിനം ജനുവരി 26 വ്യാഴാഴ്ചയാണ് വരുന്നത്. 27-ാം തിയതി വെള്ളിയാഴ്ച ഒരു ദിനസം അവധിയെടുത്താൽ അത് കഴിഞ്ഞുവരുന്ന ശനിയും ഞായറും കൂടി ആകെ നാലു ദിവസത്തെ അവധി ലഭിക്കും. ഇങ്ങനെ ചെയ്താൽ റിപ്പബ്ലിക് ദിനത്തിൽ ഡല്‍ഹിയിൽ ചിലവഴിച്ച ശേഷം രണ്ടോ മൂന്നോ ദിവസം ചിലവഴിക്കുന്ന രീതിയിൽ മറ്റൊരു യാത്ര കൂടി പ്ലാൻ ചെയ്യാം.
റിപ്പബ്ലിക് ദിനം 2023 ഡൽഹിയിൽ സാധാരണഗതിയിൽ രാവിലെ എട്ടു മണിയോടെ ആരംഭിക്കുന്ന റിപ്പബ്ലിക് ദിന ചടങ്ങുകൾ ഉച്ചയോടുകൂടി അവസാനിക്കും. യാത്ര പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ അതിനു ശേഷം ഡൽഹിയിൽ നിന്നു മറ്റിടങ്ങളിലേക്ക് പോകുവാൻ സാധിക്കുന്ന രീതിയിൽ ചെയ്യാം.
അമൃത്സർ
റിപ്പബ്ലിക് ദിനാഘോഷങ്ങൾ കഴിഞ്ഞ് ഡൽഹിയിൽ നിന്നും പോകുവാൻ എന്തുകൊണ്ടുംയോജിച്ച സ്ഥലമാണ് പഞ്ചാബിലെ അമൃത്സർ. ഈ നാടിനെ അതിന്റെ എല്ലാ ഭംഗിയിലും തിരക്കിലും കാണുവാൻ സാധിക്കുന്ന സമയം കൂടിയാണിത്. പ്രസിദ്ധമായ സുവർണ്ണ ക്ഷേത്രത്തിലേക്ക് പോകുവാൻ യാത്ര പ്രയോജനപ്പെടുക്കാം. ഈ നഗരത്തെ അതിന്റെ രാത്രിയിലും പകലും കണ്ടിരിക്കണം. ഇവിടുത്തെ രുചികൾ പരീക്ഷിക്കുവാനും പാനീയങ്ങൾ കുടിക്കുവാനുമെല്ലാം സമയം കണ്ടെത്തണം. ഒപ്പം, വാഗാ അതിർത്തിയിലെ ബീറ്റിങ് റിട്രീറ്റ് ചടങ്ങ് ഒരു കാരണവശാലും ഒഴിവാക്കരുത്.
മുക്തേശ്വർ
ഉത്തരാഖണ്ഡിൽ നൈനിറ്റാൾ ജില്ലയിൽ സ്ഥിതി ചെയ്യുന്ന മുക്തേശ്വർ ജനുവരി യാത്രകളിൽ ധൈര്യമായി കയറിച്ചെല്ലുവാന് പറ്റിയ സ്ഥലമാണ്. സമുദ്രനിരപ്പിൽ നിന്നും 2,285 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടം ട്രക്കിങ്ങിനാണ് പ്രസിദ്ധമായിരിക്കുന്നത്. പഴത്തോട്ടങ്ങളും കാടും എല്ലാം ചേരുന്ന വ്യത്യസ്തമായ ഒരു യാത്രാനുഭവം ഈ നാട് നിങ്ങൾക്കു നല്കും. ക്യാംപിങ്ങിനായും ഇത്തരികൂടി സാഹസികത ആസ്വദിക്കുന്നവരാണെങ്കിൽ പാരാഗ്ലൈഡിങ്. റാപ്പല്ലിങ് തുടങ്ങിയ കാര്യങ്ങൾക്കായും ഇവിടം പ്രയോജനപ്പെടുത്താം. ഡൽഹിയിൽ നിന്നു മുക്തേശ്വറിലേക്ക് റോഡ് മാർഗം 348 കിലോമീറ്റർ ദൂരമാണുള്ളത്.
ചക്രതാ
ഒരുപാട് ആഗ്രഹങ്ങളൊന്നുമില്ലാതെ, ഒരു മനോഹരമായ യാത്ര മാത്രം മുന്നിൽക്കണ്ടു വരുന്ന ഒരാളാണെങ്കിൽ നിങ്ങൾക്കു തിരഞ്ഞെടുക്കുവാൻ പറ്റിയ സ്ഥലങ്ങളിലൊന്ന് ഉത്തരാഖണ്ഡിലെ ചക്രത. ഡെറാഡൂൺ ജില്ലയുടെ ഭാഗമായ ചക്രതാ ബ്രിട്ടീഷുകാരുടെ കാലം മുതൽതന്നെ പ്രസിദ്ധമായ സ്ഥലമാണ്. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഉയർന്ന ഉദ്യോഗസ്ഥർക്കുള്ള സുഖവാസ കേന്ദ്രമായിരുന്നു അക്കാലത്ത് ഇവിടം. ഇന്നിവിടെ ടിബറ്റിയൻ സേനയായ സ്പെഷൽ ഫ്രണ്ടിയർ ഫോഴ്സിന്റെ ഓഫീസുണ്ട്. തിരക്കും ആള്‍ക്കൂട്ടങ്ങളും ഒന്നുമില്ലാത്ത ഇടം എന്ന പ്രത്യേകതയും ഈ സ്ഥലത്തിനുണ്ട്.
ബിന്‍സാർ
ഉത്തരാഖണ്ഡിലെ അതിമനോഹരമായ മറ്റൊരിടമാണ് ബിൻസാർ. ഹിമാലയൻ മലനിരകളുടെ ഏറ്റവും ഭംഗിയാർന്ന കാഴ്ചകൾ നല്കുന്ന ഇവിടം പച്ചപ്പിനു നടുവിൽ സ്ഥിതി ചെയ്യുന്ന ഒരു സ്വര്‍ഗ്ഗമാണ്. പ്രകൃതിഭംഗി തന്നെയാണ് ഇവിടേക്ക് ആളുകളെ ആകർഷിക്കുന്നത്. തൃശൂൽ, നന്ദാ ദേവി, ശിവ്ലിംഗ്, തുടങ്ങി നിരവധി പർവ്വതനിരകൾ ഇവിടെനിന്നു കാണാം. നടന്നു കണ്ടുതീർക്കുവാനുള്ള കാഴ്ചകളുടെ ശേഖരമാണ് ഇവിടുത്തെ പ്രത്യേകത. വെറും രണ്ടുദിവസം മാത്രം മതിയാവും ഈ പ്രദേശം മുഴുവനായും കണ്ടുതീർക്കുവാൻ. സൂര്യോദയവും അസ്തമയവും കാണുവാൻ സീറോ പോയിൻറും ക്ഷേത്രങ്ങളായി കസാർ ദേവി ക്ഷേത്രം, ചിട്ടായ് ഗോലു ദേവ്താ ക്ഷേത്രം, ബിനേശ്വര മഹാദേവ ക്ഷേത്രം തുടങ്ങിയവയും ഇവിടെയുണ്ട്.