കേരളോത്സവം: എവറോളിംഗ് ട്രോഫി തൃശൂരങ്ങ് എടുത്തു

കേരളോത്സവം: എവറോളിംഗ് ട്രോഫി തൃശൂരങ്ങ് എടുത്തു

തിരുവനന്തപുരം: യുവജനക്ഷേമ ബോർഡിന്റെ ആഭിമുഖ്യത്തിൽ നാല് ദിവസമായി നടന്നുവന്ന 31ാം കേരളോത്സവത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടി തൃശൂർ ജില്ല എവർറോളിംഗ്‌ ട്രോഫി കരസ്ഥമാക്കി. 535 പോയിന്റ് തൃശൂർ കരസ്ഥമാക്കിയപ്പോൾ 498 പോയിന്റുമായി കണ്ണൂരും 457 പോയിന്റുമായി മലപ്പുറവും രണ്ടും മൂന്നും സ്ഥാനം നേടി. കൊല്ലം സംസ്‌കൃതി ക്ലബ് ഏറ്റവും കൂടുതൽ പോയിന്റ് നേടി. കായിക മത്സരങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയത് കണ്ണൂർ ജില്ലയാണ്. കലാമത്സരങ്ങളിൽ 376 പോയിന്റുമായി മലപ്പുറം ജില്ലയാണ് ഒന്നാം സ്ഥാനത്ത്.
മലപ്പുറം ജില്ലയിലെ അജയ് രാജ് സി.ടി കലാപ്രതിഭയും എറണാകുളം ജില്ലയിലെ റൊവീനോ ജെയിംസ് കലാതിലകവുമായി. ഹിന്ദി, ഇംഗ്ലീഷ് നാടകമത്സരത്തിൽ മികച്ച നടനുള്ള പുരസ്‌കാരം കാസർകോട് ജില്ലയിലെ എം.അജിത്തിനും മികച്ച നടിക്കുള്ള പുരസ്‌കാരം കണ്ണൂർ ജില്ലയിലെ നിഹാരിക എസ്. മോഹനും ലഭിച്ചു. മലയാളം നാടകത്തിൽ കാസർകോട് ജില്ലയിലെ ഗോവിന്ദ് രാജാണ് മികച്ച നടൻ. നടി കണ്ണൂർ ജില്ലയിലെ നിഹാരിക എസ്.മോഹൻ. മികച്ച കായികപ്രതിഭകൾക്കുള്ള പുരസ്‌കാരം പാലക്കാട് ജില്ലയിലെ മനീഷും കണ്ണൂരിലെ അനാമിക മാത്യൂവും നേടി. സീനിയർ വിഭാഗം കായിക പ്രതിഭാ പുരസ്‌കാരത്തിന് തൃശൂർ ജില്ലയിലെ ആഷിലും കണ്ണൂരിലെ ആതിര കെ.എമ്മും അർഹരായി.
പ്രധാന വേദിയായ തൈക്കാട് ഗവ. ആർട്സ് കോളജിൽ നടന്ന സമാപന സമ്മേളനം യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ പി.ബിജു ഉദ്ഘാടനം ചെയ്തു. ആർട്സ് കോളേജ് പ്രിൻസിപ്പൽ ബി.ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷനായി. യുവജനക്ഷേമബോർഡ് മെമ്പർ സെക്രട്ടറി മിനിമോൾ എബ്രഹാം, ജില്ലാ പ്രോഗ്രാം ഓഫീസർ ചന്ദ്രികാ ദേവി, യുവജനക്ഷേമ ബോർഡ് ഡെപ്യൂട്ടി ഡയറക്ടർ സി.ആർ. രാംകുമാർ എന്നിവർ സംസാരിച്ചു. നാല് ദിവസമായി 12 വേദികളിലായാണ് മത്സരങ്ങൾ നടന്നത്.

Kerala Top News