തൃശൂർ : ഇന്ത്യയിലെ മികച്ച വിദ്യാഭ്യാസ പ്രവർത്തനങ്ങൾ നടത്തുന്ന ജില്ലകളിൽ ഇടംപിടിച്ച് തൃശൂർ. രാജ്യത്തെ ആകെയുള്ള 766 ജില്ലകളിൽ പുരസ്‌കാര നിർണയ കമ്മിറ്റിയുടെ സൂക്ഷ്‌മ പരിശോധന തുടരുന്നതിനിടെ മികച്ച ആറു ജില്ലകളിലൊന്നായാണ് തൃശൂർ ഇടം നേടിയത്. അന്തിമവിജയികളെ ഉടൻ പ്രഖ്യാപിക്കും. മികച്ച വിദ്യാഭ്യാസപ്രവർത്തന ജില്ലയ്‌ക്ക് സിവിൽ സർവീസ് ദിനമായ 17ന് പ്രധാനമന്ത്രി അവാർഡ് സമ്മാനിക്കും. വിദ്യാഭ്യാസരംഗത്ത് തൃശൂരിന് മികച്ച നേട്ടം ഉറപ്പാക്കാൻ ആവശ്യമായ പ്രവർത്തനം സംഘടിപ്പിക്കാൻ കഴിഞ്ഞ ഒരു വർഷമായി കഴിഞ്ഞിട്ടുണ്ടെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ്, കലക്ടർ ഹരിത വി കുമാർ, വിദ്യാഭ്യാസ ഉപഡയറക്ടർ ടി വി മദനമോഹനൻ എന്നിവർ പറഞ്ഞു. മുഴുവൻ വിദ്യാഭ്യാസ പദ്ധതികളും ഉൾപ്പെടുത്തി കലക്ടറാണ് പ്രധാനമന്ത്രിയുടെ അവാർഡിനുള്ള പ്രത്യേക അപേക്ഷ അയച്ചത്.
ഇത്തരത്തിൽ അവാർഡിനായി 450 ജില്ലകൾ അപേക്ഷിച്ചിരുന്നു. തനത് വിദ്യാഭ്യാസ പ്രവർത്തനങ്ങൾ, സമഗ്ര ശിക്ഷ കേരള, വിദ്യാലയങ്ങളിൽ ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ, കോവിഡ്കാലത്തെ ഓൺലൈൻ വിദ്യാഭ്യാസമേഖലയിലെ ഇടപെടൽ എന്നിങ്ങനെ നാലുകാര്യങ്ങളാണ് പൊതുവിൽ അവാർഡിനായി വിലയിരുത്തുന്നത്.
മികച്ച 15 ജില്ലകളെ തെരഞ്ഞെടുത്തതിനുശേഷം കലക്ടർ ഡൽഹിയിൽ നടന്ന പ്രത്യേക സമ്മേളനത്തിൽ വിദ്യാഭ്യാസപ്രവർത്തനങ്ങൾ അവതരിപ്പിച്ചു. ഇതിനുശേഷമാണ് മികച്ച വിദ്യാഭ്യാസപ്രവർത്തനം നടത്തിയ ആറു ജില്ലകളിലൊന്നായി തൃശൂർ മാറിയത്. സംസ്ഥാന സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി, ജില്ലയിലെ നിരവധി വിദ്യാലയങ്ങളിൽ ആധുനികരീതിയിൽ കെട്ടിടങ്ങളും മറ്റ് അനുബന്ധ സൗകര്യങ്ങളും ഒരുക്കി. പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായുള്ള വിദ്യാകിരണം, കോവിഡ് കാലത്തെ ഓൺലൈൻ വിദ്യാഭ്യാസ പരിപാടികൾ, സമഗ്രശിക്ഷ പദ്ധതികളുടെ ഭാഗമായുള്ള വിദ്യാഭ്യാസ പദ്ധതികൾ എന്നിവയെല്ലാം പുരസ്കാരത്തിനായി പരിഗണിക്കപ്പെട്ടിട്ടുണ്ട്.
കോവിഡ് കാലത്ത് ജില്ലയിൽ നടപ്പാക്കിയ മക്കൾക്കൊപ്പം രക്ഷിതാക്കളും ഒത്തുള്ള സംവാദം, ഗോത്രവർഗ മേഖലകളിലേക്ക് ഇന്റർനെറ്റ് കണക്ഷനുകൾ എത്തിക്കുന്ന പ്രവർത്തനങ്ങൾ, വിദ്യാലയം തുറന്നപ്പോൾ സംഘടിപ്പിച്ച കളിമുറ്റം ഒരുക്കാം പ്രവർത്തനപരിപാടികൾ, ജൻഡർ തുല്യതയുടെ ഭാഗമായി സംഘടിപ്പിച്ച തുല്യരാണ് നമ്മൾ പരിപാടി, ജില്ലയുടെ സംയോജിത നൂതന വിദ്യാഭ്യാസപരിപാടി സമേതം എന്നിവയെല്ലാം അവാർഡിന് പരിഗണിക്കപ്പെട്ടു.