ക്ഷേത്രത്തിനകത്തെ പാണ്ടിമേളം പൂരത്തിനു മാത്രം

Featured Thrissur
ക്ഷേത്രത്തിനകത്തെ പാണ്ടിമേളം പൂരത്തിനു മാത്രം; പാറമേക്കാവിലമ്മയുടെ പ്രത്യേകാവകാശം
 
തൃശൂര്‍: തിരുമാന്ധാംകുന്നു ഭഗവതിയുടെ ശക്തിചൈതന്യമാണ് പാറമേക്കാവിലമ്മ. ദേശത്തെ കുറുപ്പാള്‍ തറവാട്ടുകാരണവര്‍ തിരുമാന്ധാംകുന്നിലമ്മയെ ദര്‍ശിച്ച് മടങ്ങുംവഴി ദേവി അദ്ദേഹത്തോടൊപ്പം എഴുന്നള്ളിയെന്നാണ് ഐതിഹ്യം. ശ്രീവടക്കുന്നാഥ ക്ഷേത്രത്തിലെ ഇലഞ്ഞിത്തറയില്‍ വിശ്രമിക്കാനിരുന്ന കാരണവര്‍ക്ക് ദേവി തന്റെ ശക്തിയും സാന്നിധ്യവും അറിയിച്ചുകൊടുത്തുവെന്നാണ് വിശ്വാസം. വിശ്രമിക്കുമ്പോള്‍ അദ്ദേഹം മാറ്റിവച്ച ഓലക്കുട തിരികെ എടുക്കാനായില്ല. ഇതോടെ ദേവിചൈതന്യം മനസിലാക്കിയ കാരണവര്‍ നമിച്ചു. പെട്ടെന്ന് പ്രതിഷ്ഠയുമുണ്ടാക്കി.
 
പിന്നീട് ഇപ്പോഴത്തെ ക്ഷേത്രം സ്ഥിതിചെയ്യുന്ന കാവിലേക്ക് പ്രതിഷ്ഠ മാറ്റിയെന്നു പഴമക്കാര്‍ പറയുന്നു. വടക്കുന്നാഥക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതിനിടെ ഭക്തര്‍ പാറമേക്കാവില്‍ പോയി തൊഴുതു തിരിച്ചുവരുന്നത് ഈ അടിസ്ഥാനത്തിലാണ്. വടക്കുന്നാഥക്ഷേത്രത്തിലെ കൊക്കര്‍ണിയില്‍ പൂരം പുറപ്പെടുന്ന അന്ന് ആറാടുന്നതിനുള്ള അവകാശം പാറമേക്കാവിലമ്മയ്ക്കുണ്ട്. മറ്റൊരു ദേവീദേവനും കൊക്കര്‍ണിയില്‍ ആറാടാറില്ല. 

ഇലഞ്ഞിത്തറമേളത്തിന് പിന്നില്‍
ദേവി ആദ്യമായി കുടിയിരുന്ന സ്ഥലം എന്ന നിലയിലാണ് പാറമേക്കാവിന്റെ ഇലഞ്ഞിത്തറമേളം നടക്കുന്നത്. ക്ഷേത്രമതില്‍ക്കകത്ത് സാധാരണ പാണ്ടിമേളം കൊട്ടാറില്ല. എന്നാല്‍ തൃശൂര്‍ പൂരത്തിന് പ്രസിദ്ധമായ ഇലഞ്ഞിത്തറ മേളത്തില്‍ പാണ്ടിമേളമാണ്. ഈ അവകാശവും പാറമേക്കാവ് ഭഗവതിക്കു മാത്രമുള്ളതാണ്. ഇലഞ്ഞിത്തറയില്‍ കുടികൊണ്ട ദേവിക്ക് പ്രത്യേകമായി നല്‍കുന്ന അവകാശമായി ഇതിനെ വിശേഷിപ്പിക്കുന്നു. 

ത്രിപുടമേളം
തിരുവമ്പാടി വിഭാഗം ഉള്‍പ്പെടെ പാണ്ടിമേളം ശ്രീമൂലസ്ഥാനത്ത് കൊട്ടിക്കലാശിച്ച് ത്രിപുടമേളത്തോടെയാണ് വടക്കുന്നാഥനെ വലംവച്ച് തെക്കോട്ടിറക്കത്തിനു തയ്യാറെടുക്കുന്നത്. പാണ്ടിയുടെ കാര്യത്തിലും അങ്ങനെ വ്യത്യസ്തത പുലര്‍ത്തുന്നു. ഇത്തരം ആചാരങ്ങള്‍ക്കു കടുകിട മാറ്റംവരുത്താതെയാണ് പൂരം കൊണ്ടാടുന്നത്. അതിനാല്‍തന്നെ ഇതു ചരിത്രത്തിന്റെകൂടി ഭാഗമായി മാറുന്നു. 

Source

READ  തൃശ്ശൂരിൽ രേഖകളില്ലാതെ കടത്തിയ 300 പവൻ സ്വർണ്ണം പിടികൂടി