എംഡിഎംഎയുമായി സിനിമാ സീരിയൽ നടനുൾപ്പടെ രണ്ടുപേർ തൃശൂരിൽ അറസ്റ്റിൽ. കൊരട്ടി പോലീസ് സ്റ്റേഷൻ പരിധിയിലെ വെട്ടുകടവ് പാലത്തിന് സമീപത്തു നിന്നും 5 ഗ്രാം എംഡിഎംഎയുമായി രണ്ടുപേരെ തൃശൂർ റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഷാജി ജോസിന്റെ നേതൃത്വത്തിലുള്ള സംഘവും കൊരട്ടി പോലീസും ചേർന്നാണ് അറസ്റ്റു ചെയ്തത്.
തൃശൂർ ജില്ലയിൽ സർക്കാർ നടത്തിവരുന്ന ലഹരി വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി വ്യാപകമായ രീതിയിൽ നടപടികൾ തുടർന്നു വരുന്നതിനിടയിലായിരുന്നു തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവിക്ക് രഹസ്യ വിവരം ലഭിക്കുകയും തുടർന്ന് നടത്തിയ വാഹന പരിശോധനക്കിടെ ഇവർ പിടിയിലായതും. അരുൺ, നിഖിൽ എന്നീ യുവാക്കളെയാണ് പോലീസ് മാരക മയക്കുമരുന്നുമായി പിടികൂടിയത്. ഇതിൽ അറസ്റ്റിലായ അരുൺ ഏതാനും മലയാള സിനിമകളിലും ഷോർട്ട് ഫിലിമുകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.
പ്രതികളെ അറസ്റ്റു ചെയ്ത സംഘത്തിൽ കൊരട്ടി എസ്എച്ച്ഒ അരുൺ ബി കെ, എസ്ഐമാരായ സജി വർഗീസ്, സൂരജ്, ഡാൻസാഫ്, സ്റ്റീഫൻ. വി.ജി, എഎസ്ഐമാരായ ജോബ് സി എ, പി ജയകൃഷണൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ലിജു ഇയ്യാനി, സൂരജ് വി ദേവ്, ഷറഫുദ്ദീൻ, മിഥുൻ ആർ കൃഷ്ണ, രഞ്ജിത്ത്, സജിമോൻ എന്നിവരുൾപ്പെട്ടിട്ടുണ്ട്. അറസ്റ്റിലായ ഇവർ കൊണ്ടുവന്ന മാരകമയക്കുമരുന്നിന്റെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണത്തിലാണ് ഉദ്യോഗസ്ഥർ.