വടക്കാഞ്ചേരിയിൽ അനുവദിച്ച ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി വ്യാഴാഴ്‌ച പ്രവർത്തനം ആരംഭിക്കും. രാവിലെ 9.30ന് ഹൈക്കോടതി ജഡ്ജ് എ കെ ജയശങ്കരൻ നമ്പ്യാർ ഉദ്ഘാടനം ചെയ്യും. ഓട്ടുപാറ–- കുന്നംകുളം റോഡിൽ കൃഷിഭവന് എതിർവശത്തുള്ള കെട്ടിടത്തിലാണ് പോക്സോ കോടതി. ഒന്നര നൂറ്റാണ്ടിലധികം പഴക്കമുള്ള വടക്കാഞ്ചേരി കോടതിയിൽ സബ് കോടതി, എംഎസിടി കോടതി, പോക്സോ കോടതി, കുടുംബ കോടതി എന്നിവ അനുവദിക്കണമെന്നാവശ്യപ്പെട്ട് നിയമസഭയിൽ സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ സബ്മിഷൻ അവതരിപ്പിച്ചിരുന്നു.
2022 മെയ് മാസത്തിൽ കേരളത്തിൽ 28 പോക്സോ കോടതികൾ പ്രഖ്യാപിച്ചുള്ള ആഭ്യന്തര വകുപ്പിന്റെ ഉത്തരവിലാണ് വടക്കാഞ്ചേരിയിൽ പോക്സോ കോടതി അനുവദിച്ചത്. വടക്കാഞ്ചേരി ബാർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പരിപാടിയുടെ ഭാഗമായി സ്വാഗതസംഘം രൂപീകരിച്ചു. യോഗം സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ ഉദ്ഘാടനം ചെയ്‌തു. നഗരസഭ ചെയർമാൻ പി എൻ സുരേന്ദ്രൻ അധ്യക്ഷനായി. വൈസ് ചെയർമാൻ ഷീല മോഹനൻ, സി വി മുഹമ്മദ് ബഷീർ, എ ഡി അജി, പി എൻ വൈശാഖ്, ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ഇ കെ മഹേഷ്, ശശികുമാർ കൊടയ്ക്കാടത്ത്, പി എൻ ഗോകുലൻ, അജിത്ത് മല്ലയ്യ, സുഭാഷ് പുഴയ്ക്കൽ, അഡ്വ. എൻ എസ് മനോജ് എന്നിവർ സംസാരിച്ചു.