തൃശൂര്‍: തൃശൂര്‍ കുന്നംകുളത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. അമ്മയെയും രണ്ട് കുട്ടികളെയുമാണ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവമുണ്ടായത്. പന്നിത്തടം ചെറുമാനയന്‍കാട് സ്വദേശി ഹാരിസിന്റെ ഭാര്യ ഷഫീന, മക്കളായ അജുവ, അമന്‍ എന്നിവരാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിന്റെ മുകള്‍ നിലയിലെ ബാല്‍ക്കണിയില്‍ കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
ഷഫീനയും മക്കളും ഭര്‍തൃമാതാവുമാണ് വീട്ടിലുണ്ടായിരുന്നത്. കഴിഞ്ഞ ദിവസം ഇവര്‍ ബന്ധുവീട്ടില്‍ പോയി മടങ്ങിയെത്തി. ഇതിന് പിന്നാലെ മക്കളും ഷെഫീനയും മുകളിലത്തെ നിലയിലേക്ക് ഉറങ്ങാന്‍ പോയതായിരുന്നു. എന്നാല്‍ ഞായറാഴ്ച രാവിലെ ഇവവരുടെ മൃതേദഹങ്ങള്‍ ബാല്‍ക്കണിയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹങ്ങള്‍ക്ക് സമീപത്ത് നിന്ന് പെട്രോള്‍ നിറച്ച കുപ്പിയും കണ്ടെടുത്തിട്ടുണ്ട്.
രാവിലെ പ്രഭാത സവാരിക്ക് ഇറങ്ങിയവരാണ് ബാല്‍ക്കണിയില്‍ മൃതദേഹം കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് ഉടന്‍ തന്നെ പൊലീസിനെയും മറ്റുള്ളവരെയും വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫോറന്‍സിക് വിദഗ്ദരും ഉടന്‍ തന്നെ സ്ഥലത്തെത്തി പരിശോധന നടത്തും.ഷഫീനയുടെ ഭര്‍ത്താവ് വിദേശത്താണ്. ഭര്‍ത്താവ് ഹാരിസിന്റെ മാതാവും ഷഫീനയും മക്കളും മാത്രമാണ് വീട്ടില്‍ താമസിക്കുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.