നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ ഹണി ട്രാപ്പിൽപ്പെടുത്തി പണം തട്ടാൻ ശ്രമം നടത്തിയ മണ്ണുത്തി കറപ്പം വീട്ടിൽ നൗഫിയ ( 27), കായംകുളം, എരുവ ദേശത്ത് ഇല്ലത്തറയിൽ വീട്ടിൽ നിസ (29) എന്നിവരാണ് തൃശ്ശൂർ വെസ്റ്റ് പോലീസിൻെറ പിടിയിലായത്.
ഡോക്ടറുടെ വാട്സാപ്പിലേക്ക് തുടരെ തുടരെ സന്ദേശം അയച്ച യുവതിയോട് ഡോക്ടർ ആദ്യം പ്രതികരിച്ചിരുന്നില്ല. പിന്നീട് യുവതി പണം ആവശ്യപെട്ടു. പ്രതികരിക്കാതിരുന്ന ഡോക്ടറോട് യുവതി തന്നെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതിപെടുമെന്ന് പറഞ്ഞ് ഭീഷണിപെടുത്താൻ തുടങ്ങി. ഡോക്ടർ അതിനും വഴങ്ങുന്നില്ലെന്ന് മനസ്സിലായപ്പോൾ പിന്നീട് വിദേശത്തുനിന്ന് ഇൻറർനെറ്റ് കോളിലൂടെ ഒരു പുരുഷനായിരുന്നു ഭീഷണി തുടർന്നത്. ഡോക്ടർക്ക് ശല്ല്യം സഹിക്കാതായപ്പോൾ വെസ്റ്റ് പോലീസിൽ പരാതി പെടുകയായിരുന്നു.
പരാതി പ്രകാരം ഹണിട്രാപ്പ് ആണെന്ന് പോലീസ് മനസ്സിലാക്കിയപ്പോൾ ഡോക്ടറുടെ വാട്സാപ്പിലൂടെ പോലീസ് മറുപടി നൽകാൻ തുടങ്ങി. മൂന്നു ലക്ഷം രൂപയാണ് മണ്ണുത്തി സ്വദേശിയായ നൌഫിയും വിദേശത്തുള്ള പുരുഷനും ആവശ്യപെട്ടത്. തുക നൽകാൻ തയ്യാറാണെന്ന് മറുപടി കൊടുത്തതോടെ തുക വാങ്ങുന്നതിനായി ബാംഗ്ളൂരിൽ നിന്നും ഒരു യുവതി പണം കൈപറ്റാൻ വരുമെന്ന് മറുപടി ലഭിക്കുകയും ചെയ്തു.
തൃശ്ശൂരിലെത്തിയ യുവതി വാട്സാപ്പിലൂടെ പണം കൈപറ്റാനുള്ള സ്ഥലവും സമയവും അറിയിച്ചു. ഈ സമയം തൃശ്ശൂർ അസിസ്റ്റൻറ് കമ്മീഷണർ ഓഫ് പോലീസ് വി.കെ രാജുവിൻെറ നേതൃത്വത്തിൽ വെസ്റ്റ് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ കെ.സി ബൈജുവും വനിതാപോലീസുകാരുമടങ്ങിയ സംഘവും തട്ടിപ്പുകാരിയായ യുവതിയെ പിടികൂടാനായി നിലയുറപ്പിച്ചിരുന്നു. യുവതി ഡോക്ടറേോട് തൻെറ ഡ്രസ്സിൻെറ കളർ പറഞ്ഞുകൊടുത്തതനുസരിച്ച് ഡോക്ടർ സ്ഥലത്ത് എത്തിയ യുവതിയെ കണ്ടെത്തുകയും ചെയ്തു. യുവതി പണം ആവശ്യപെട്ട സമയം സമീപമെത്തുണ്ടായിരുന്ന പോലീസ് സംഘം യുവതിയെ പിടികൂടുകയായിരുന്നു. ബാംഗ്ളൂരിലെ ഫിറ്റ്നസ് ട്രെയിനിയായ നിസ എന്ന ഈ ഇരുപത്തൊൻപതുകാരിയെയാണ് ആദ്യം പിടികൂടിയത്.
നിസയെ പിടികൂടി സ്റ്റേഷനിലേക്ക് കൊണ്ടുപോകുമ്പോൾ നിസയുടെ ഫോൺ നിറുത്താതെ റിങ്ങ് ചെയ്ത്കൊണ്ടിരിക്കുകയായിരുന്നു. പോലീസ് നിർദ്ദേശമനുസരിച്ച് ലൌഡ് സ്പീക്കറിലിട്ടപ്പോൾ നിസയോട് സംസാരിച്ചത് മണ്ണുത്തി സ്വദേശിയായ നൌഫിയയായിരുന്നു. പണം കിട്ടിയോ ? മൂന്നു ലക്ഷം ഉണ്ടെന്ന് ഉറപ്പുവരുത്തണം ഞാൻ എവിടേക്കാ വരേണ്ടത് ? നൌഫിയയുടെ ചോദ്യങ്ങൾക്ക് പോലീസു പറയുന്നതനുസരിച്ച് അവൾ മറുപടി പറഞ്ഞു. പോലീസ് തന്നെ നഗരത്തിലെ ഒരു സ്ഥലം പറഞ്ഞുകൊടുത്തതനുസരിച്ച് അവിടെ കാത്തുനിൽക്കാൻ ആവശ്യപ്പെട്ടു. പണവും പ്രതീക്ഷിച്ച് കാത്തു നിന്നിരുന്ന നൌഫിയ പോലീസ് സംഘം തന്ത്രപൂർവ്വം വിരിച്ച വലയിൽ കുടുങ്ങുകയായിരുന്നു.
വിദേശത്തുനിന്നും ഫോൺ ചെയ്ത് ഭീഷണിപെടുത്തിയിരുന്ന പുരുഷനെ കുറിച്ച് വിശദവിവരങ്ങൾ അറിയാനും കണ്ടെത്താനുമുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും തൃശ്ശൂർ വെസ്റ്റ് പോലീസ് അറിയിച്ചു.
സമ്പന്നരെ ലക്ഷ്യമിട്ട് നടക്കുന്ന ഹണിട്രാപ്പ് തട്ടിപ്പുകൾക്ക് ഇരയായവർ നാണക്കേട് ഭയന്ന് പുറത്ത് പറയാറില്ലെന്നും, ഇവിടെ പരാതിക്കാരനായ ഡോക്ടറുടെ ധൈര്യമാണ് പ്രതിയെ പിടികൂടാൻ സഹായിച്ചതെന്നും അന്വേഷണ സംഘം പറഞ്ഞു.
എ.സി.പി വി.കെ.രാജുവിൻെറ നേതൃത്വത്തിൽ എസ്.ഐ. കെ.സി.ബൈജു, സിനീയർ സി.പി.ഒ ഷൈജ, പ്രിയ, സി.പി.ഒ ഷിനോജ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.